Monday, 23 June 2008

വിപ്ലവം മാക്ടയിലൂടെ!

മാക്ടയെ പിളര്‍ത്താനായി കുത്തകക്കമ്പനികളില്‍നിന്ന് സൂപ്പര്‍ താരങ്ങളും പ്രമുഖ സംവിധായകരും കോഴ കൈപ്പറ്റിയെന്ന് മാക്ട ഭാരവാഹികള്‍ ആരോപിച്ചിരിക്കുന്നു. നോക്കൂ, എത്ര കറക്റ്റായി ചരിത്രത്തോട് നീതി പുലര്‍ത്തിയാണ് കാര്യങ്ങളുടെ പോക്ക്. താര- സംവിധായക വര്‍ഗശത്രുക്കള്‍ സി. ഐ. എ. ചാരന്മാരാണെന്ന സത്യവും പുറത്തുവരാന്‍ ഇനി അധികം താമസമില്ല. ഈ ജനവിരുദ്ധര്‍ക്കെതിരെയുള്ള ചെറുത്തുനില്പിന്റെ ‍ പ്രഖ്യാപനമായി വ്ലാദിമിര്‍ ഇല്യിച്ച് വിനയനും ജോസ് ‘മാവോ’ലി സെദോങ്ങും ചേര്‍ന്നൊരുക്കുന്ന യഥാര്‍ത്ഥ ജനസേവാസിനിമ പുറത്തുവരുന്നതോടെ വിപ്ലവം പൂര്‍ത്തീകരിക്കപ്പെടുകയും സോഷ്യലിസ്റ്റു വ്യവസ്ഥ സ്ഥാപിക്കപ്പെടുകയും ചെയ്യും. പിന്നെ എല്ലാ ലൈറ്റ് ബോയ്സും എല്ലാ ഡ്രൈവര്‍മാരും സൂപ്പര്‍ താരങ്ങള്‍. നമ്മളെടുക്കും സിനിമകള്‍ നമ്മള്‍തന്നെ കാണും പൈങ്കിളിയേ.

ആയതിനാല്‍ വര്‍ഗശത്രുക്കളേ, അഭിനയിക്കാനറിയുന്നവരേ, സംവിധാനം ചെയ്യാന്‍ കഴിവുള്ളവരേ, ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ കളഞ്ഞിട്ടുവരിക, നമുക്കൊരുമിച്ചു വിപ്ലവം കൈക്കൊള്ളാം. വിപ്ലവം മാക്ടയിലൂടെ!

Saturday, 21 June 2008

മാവോയിസ്റ്റ്

ഒരു കൊടും മാവോയിസ്റ്റ് പിടിയിലായതറിഞ്ഞ് ആളുകള്‍ പലദിക്കില്‍നിന്ന് ഓടിക്കൂടി. ‍ അവര്‍ ഒരു നോട്ടത്തിനായി തിക്കുകയും തിരക്കുകയും കഴുത്തുനീട്ടുകയുംചെയ്ത് ബഹളംകൂട്ടി. പലരും അക്ഷമരായി. വീട്ടുടമ മാവോയിസ്റ്റിനെ മുറിക്കുള്ളി്ല്‍ പൂട്ടിയിട്ട് അഭിമാനത്തോടെ നിന്നു. ജനലിലൂടെ അകത്തേക്കുനോക്കാന്‍ അയാള്‍ ഓരോരുത്തരെവീതം അനുവദിച്ചു. മാവോയിസ്റ്റ് ഒരു മൂലയ്ക്ക് കുത്തിയിരിക്കുന്നു. ചിലര്‍ അവനെ ഹിന്ദിയിലും തമിഴിലും തെറി വിളിച്ചു. ഒരാള്‍ ഒരു ദേശഭക്തിഗാനം പാടി. അത്രയ്ക്കു ക്ഷമയില്ലാത്ത മറ്റൊരാള്‍ ഒരു വടിയെടുത്ത് നല്ലൊരു കുത്തു കൊടുത്തു. മാവോയിസ്റ്റ് ഉറക്കെ കരഞ്ഞു: “മ്യാവോ..... മ്യാവോ........” . ശങ്കരാടിയുടെ മുഖച്ഛായയുള്ള ഒരാള്‍ പ്രഖ്യാപിച്ചു: “ നല്ല അസ്സ‍ല് മാവോയിസ്റ്റ്”. അപ്പോഴേക്കും പൊലീസ് ജീപ്പ് വന്നുകഴിഞ്ഞിരുന്നു.

Friday, 20 June 2008

കണ്ടുവോ ഇത്

തിരുവനന്തപുരത്തെ ഒരു ഓട്ടോറിക്ഷയില്‍ കണ്ട സ്റ്റിക്കര്‍‌‌- ‘ തിരുവനന്തപുരം സെന്‍ട്രല്‍‍ ജയില്‍ മഹാഗണപതി ഈ വാഹനത്തിന്റെ നാഥന്‍’.

കരയാതെന്തുചെയ്യും?

Thursday, 19 June 2008

കണ്ടത്

കൊച്ചിനഗരത്തിലെ ഒരു റോഡിന്റെ പേര് കൈചൂണ്ടിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: റിട്ട: ജസ്റ്റീസ് കെ. ട്ടി. കോശി അവന്യു. ജഡ്ജിയായതിനാല്‍ വെറും ‘ടി‘ പോരെന്നാവും! ഇനീഷ്യലിനിടയ്ക്കുള്ള കുത്തുകള്‍ ഒഴിവാക്കി ‘കെട്ടിക്കോശി‘ എന്നീണത്തിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. രസികന്മാര്‍ തീരെ ഇല്ലാതായോ കൊച്ചിയില്‍?

Monday, 16 June 2008

ഫ്ലാഷ് ന്യൂസ്

വെള്ളപ്പൊക്കക്കെടുതി നേരിട്ടുവിലയിരുത്താനായി‍ കേരളത്തിലേക്കു പുറപ്പെടാന്‍ തയ്യാറായി നിന്നിരുന്ന കേന്ദ്രസംഘം സ്വയം പിരിഞ്ഞുപോകുകയും വേഷം മാറി വീണ്ടും സംഘടിച്ച് വരള്‍ച്ചാദുരിതം വിലയിരുത്താനായി വണ്ടിപിടിക്കാനോടുന്നതായി ഞങ്ങളുടെ ദില്ലി ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Sunday, 15 June 2008

എന്റെ ബ്ലോഗേ

എന്റെ ബ്ലോഗേ നീ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? തമ്മില്‍ കണ്ടിട്ട് കാലം കുറച്ചായെങ്കിലും ഞാന്‍ ഒന്നു വിളിച്ചപ്പോള്‍തന്നെ നീ എന്നെ തിരിച്ചറിഞ്ഞല്ലോ. അത്ഭുതം തന്നെ! ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ പോലും പരസ്പരം തിരിച്ചറിയാത്ത ഈ കാലത്ത് !

നീയറിഞ്ഞോ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ട്രെയിനോടിക്കുന്ന മന്ത്രിയും വരെ ബ്ലോഗു തുടങ്ങിയിരിക്കുന്നു. ഒന്നുമല്ലാത്തവന്റെയും ആരുമല്ലാത്തവന്റെയും മാധ്യമത്തില്‍ ഇപ്പോള്‍ എല്ലാമായവരാണു കളി. ‘ശിവശിവ ‘ എന്ന പേരില്‍ ഒരു ബ്ലോഗു തുടങ്ങാന്‍ പ്ലാനുണ്ട്.