Thursday, 29 January 2009

ഒരു കൂലിത്തല്ലുകാരന്റെ കദനകഥ

ഇതാ, കൂലിത്തല്ലുകാരനായ കുഞ്ഞഹമ്മദ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ചരിത്രമുഹൂര്‍ത്തങ്ങളിലെല്ലാം പരവശമായ ആ കഴുകന്‍ മുഖം പ്രത്യക്ഷപ്പെടാറുണ്ടല്ലോ; തനിക്കെന്തെങ്കിലും കിട്ടുമോ എന്നു പരതിക്കൊണ്ട്. തെരുവുയോഗങ്ങളില്‍ തന്റെ വാപ്പയേക്കാള്‍ പ്രായമുള്ള അച്ചുതാനന്ദനെ ആളാകരുതെന്ന് ഭീഷണപ്പെടുത്തിയും മന്ദബുദ്ധീയെന്നു വിളിച്ചും, രാത്രിയില്‍ റ്റിവി ചാനലുകളിലെ ചര്‍ച്ചകളില്‍ സൈദ്ധാന്തികശിരോമണിയായി ഞെളിഞ്ഞും ടിയാന്‍ സ്വകര്‍മ്മമനുഷ്ടിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും ആരും വായിച്ചിട്ടില്ലാത്ത സ്വന്തം ‘പ്രബന്ധ‘ (അമ്പ!) ങ്ങളെയും പുസ്തകങ്ങളെയും കുറിച്ച് സംസാരിച്ച് ചോദ്യകര്‍ത്താവിനെയും കേള്‍വിക്കാരെയും ഒരേപോലെ ബോറടിപ്പിക്കുന്ന ഈ ശിലായുഗമനുഷ്യന്‍ വ്യക്തിപൂജയെ സൈദ്ധാന്തികമായി നേരിടുന്നുവെന്നമട്ടില്‍ സ്വന്തം യജമാനനെ പ്രീതിപ്പെടുത്താനും ‍ഒപ്പം മാധ്യമങ്ങളിലൂടെ പ്രശസ്തി അടിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്.
തന്നെ ആരും ഒരു ചിന്തകനായി അംഗീകരിക്കാത്തത് പാവത്താനെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത് . പാര്‍ട്ടിക്കാര്‍ പോലും ആവശ്യം വരുമ്പോള്‍ ചൂടുചോറു വാരിക്കാനുള്ള ഒരു കുട്ടിക്കൊരങ്ങായാണ് ടിയാനെ കാണുന്നത്‌. ഊശാന്താടി വെച്ചിട്ടും ഗ്രാംഷിയെ ഉദ്ധരിച്ചിട്ടും ഉത്തരാധുനിക പദാവലിയൊക്കെ ഇറക്കിനോക്കിയിട്ടും കെ. ഇ. എന്‍ എന്ന ത്ര്യക്ഷരിയായി സ്വയം പ്രഖ്യാപിച്ചിട്ടും എവിടെയും ഓടിച്ചെന്ന് വിവാദപ്പടക്കങ്ങള്‍ക്ക് തീകൊടുത്തിട്ടും ആരും കാര്യമായിട്ടെടുക്കുന്നില്ല. മാധ്യമങ്ങള്‍ പോലും വിളിച്ചിരുത്തി പരിഹസിച്ചുവിടുന്നു. ഭാര്യവീട്ടുകാര്‍ വേണ്ടരീതിയില്‍ മാനിക്കുന്നില്ലെന്ന പഴയ പഴയ തോന്നല്‍ ഉള്ളിലൊരു കടലായിരമ്പുക കൂടി ചെയ്യുമ്പോള്‍ ആ ചെറിയ ശരീരത്തിനുള്ളിലെ തീരെ ചെറിയ മനസ്സ് തകര്‍ന്നുപോവില്ലേ?
നിരാശ ബാധിച്ചവന്‍ നരകത്തിനു ജന്മം കൊടുക്കും. അവനെ കൂലിത്തല്ലിന് എളുപ്പം‍ കിട്ടും. തന്നെ അംഗീകരിക്കാത്ത ലോകത്തിനുമുന്നില്‍ ഞാന്‍ മഹാസംഭവമാണെന്നും എന്റെ മഹദ് ചിന്തകളൊന്നും നിങ്ങള്‍ക്ക് മനസ്സിലാകില്ലെന്നും അവന്‍ ഉളുപ്പില്ലാതെ പറഞ്ഞെന്നിരിക്കും. അപകര്‍ഷതാബോധക്കാരനായ ഒരു കൂലിത്തല്ലുകാരന്‍ മാത്രമാണു താനെന്ന സത്യം മറ്റുള്ളവരറിയാതെ നോക്കേണ്ടത്‌ അവന്റെ ആവശ്യമാണ്. പക്ഷേ അവന്‍ തോറ്റുപോകുന്നു, അതു കണ്ട്‌ നമ്മള്‍ ചിരിക്കുന്നു; ചിരിക്കണം.
ആരോ കുഞ്ഞമ്മദിന്റെ കോലം കത്തിച്ചതായി വാര്‍ത്ത. മണ്ടന്മാരേ, ആ മനുഷ്യന്‍ ആഗ്രഹിക്കുന്നതും അതൊക്കെ തന്നെയാണ്. എല്ലായിടത്തുനിന്നും കെ ഇ എന്നെന്നു മുഴങ്ങണമെന്നു കൊതിച്ചു നടക്കുന്ന ഈ ഞരമ്പുരോഗിക്കുള്ള നല്ല ചികിത്സ ടിയാനെ അവഗണിക്കുക എന്നതാണ്.

Sunday, 25 January 2009

പൊട്ടനെ ചെട്ടി ചതിച്ചാല്‍..........

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ടല്ലോ. ദൈവം സി. ബി. ഐ. രൂപത്തില്‍ അവതരിച്ചതാണ് നാമിപ്പോള്‍ കാണുന്നത്‌ . വയോധികനായ വി എസ്സിനെ ഉപദ്രവിച്ച് വശംകെടുത്തിക്കൊണ്ടിരിക്കുന്ന പിണറാസുരനെ നിഗ്രഹിക്കാന്‍ പുതിയ ഒരു അവതാരം! ഇനിയെങ്കിലും വി എസ്സിന് ദൈവത്തില്‍ വിശ്വസിച്ചുകൂടേ? മാര്‍ക്സും മാര്‍ക്സിസവുമൊക്കെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നും അശരണരെ രക്ഷിക്കാന്‍ ദൈവം എപ്പോള്‍ വേണമെങ്കിലും അവതരിക്കാമെന്നും തിരിച്ചറിഞ്ഞാല്‍ വി എസ്സിന് ഏ കെ ജി സെന്ററിനെ ഭയപ്പെടാതെ സ്വസ്ഥമായി ഭരിക്കാനും സ്വസ്ഥമായി മരിക്കാനുമാവും.