Monday, 6 October 2008

കെ ഇ എന്‍ മൌദൂദി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ ലേഖനം വായിച്ചുവോ? ഒ. അബ്ദുല്ലയോ മറ്റേതെങ്കിലും ജമാ അത്തൈ ഇസ്ലാമി ബുദ്ധിജീവിയോ എഴുതിയതാണെന്നേ തോന്നൂ. അത്രയ്ക്കു മനോഹരം. ഭീകരവാദമെന്ന പ്രയോഗം തന്നെ ശരിയല്ലെന്നു തുടങ്ങി മുസ്ലീങ്ങളെ മുഴുവന്‍ ഭീകരരായി മുദ്രകുത്തുന്ന സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് ബുഷിനെയും മോഡിയെയും ചീത്തവിളിച്ച് ചാവേറുകളെ മഹത്ത്വപ്പെടുത്തി പൊരുതുന്ന പലസ്ത്തീനെപ്പറ്റി വാചാലനായി ഏതൊരു സിമിക്കാരനെയും ആവേശം കൊള്ളിച്ച് നീങ്ങുന്നതിനിടയില്‍ തന്റെ പേര് ഒ. അബ്ദുല്ല എന്നല്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കാനായി അദ്ദേഹം സൂസന്‍ സൊണ്ടാഗ് , ചോംസ്കി, എറിക് ഹോബ്സ്ബോം തുടങ്ങിയവരെ ഉദ്ധരിക്കുന്നുണ്ട്. നിരപരാധികളെ കൊല്ലുന്നതല്ല ശരിയായ സാമ്രാജ്യത്വ വിരുദ്ധപ്രവര്‍ത്തനമെന്ന് അദ്ദേഹം ഭീകരരെ (സോറി!) സൌമ്യമായി ഉപദേശിക്കുന്നുമുണ്ട്. ‍ലേഖനത്തിന്റെ അവസാനം കുഞ്ഞമ്മദ് മാഷിനെ ആവേശം പൂര്‍ണ്ണമായി പിടികൂടുകയും താന്‍ ഭീകരര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാനായി അദ്ദേഹം ഏതോ സിറിയന്‍ കവിയെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അവിടെനിന്നും മുന്നോട്ടുപോയി ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്നും വിവേചനം നേരിട്ടവരാണെന്നും ഇന്ന് വിവേചന ഭീകരതയാല്‍ അവര്‍ വേട്ടയാടപ്പെടുകയാണെന്നും വിളിച്ചുപറഞ്ഞുകോണ്ട് അദ്ദേഹം തന്റെ മുജാഹിദ്ദീന്‍ മന‍സ്സ് നമുക്കു കാണിച്ചുതന്ന് നമ്മുടെ മുന്നില്‍ വിവസ്ത്രനായി നില്‍ക്കുന്നു.
എന്റള്ളാ.... ആരാപ്പാ...ദ് ? മാര്‍ക്സിന്റേം ഗ്രാംഷീന്റെം വേഷോക്കങ്ങ്ട് മാറ്റീപ്പൊ മൌദൂദിയല്ലേ നിക്കണത് ! പഹയന്‍!

Wednesday, 20 August 2008

‘ചെറുമന്‍‘

വടക്കെ ഇന്ത്യയിലെ ഒരു ദലിത് വിഭാഗമാണ് ‘ചാമര്‍’. ഒരു ഡ്രൈവറെ ചാമര്‍ എന്നു ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ഇന്നത്തെ പത്രത്തിലുണ്ട്. ഒരാളെ ചാമര്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത് കുറ്റകരവും അപമാനകരവുമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്‌. ( ചാമര്‍ എന്ന വിളിയെപ്പറ്റി മാത്രമല്ല പരാമര്‍ശമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.) മലയാളത്തിലെ ചില സാഹിത്യപുസ്തകങ്ങളെയാണ് ഞാന്‍ ഓര്‍ത്തുപോയത്‌. മണ്ണില്‍ പണിയെടുക്കുന്നവനെ മടുപ്പുണ്ടാക്കുന്നവിധത്തില്‍ ‘ചെറുമന്‍’ എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കുകയും തമ്പുരാന്‍- തമ്പുരാട്ടി കഥാപാത്രങ്ങളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്ത് സ്വന്തം ജാതിസ്വത്വത്തെ ആവിഷ്ക്കരിക്കുന്ന സാഹിത്യവിഗ്രഹങ്ങള്‍ക്ക് കോടതിവിധിപ്രകാരം എന്തു ശിക്ഷയാണാവോ നല്‍കേണ്ടത്?

Friday, 1 August 2008

പൊളിറ്റിക്കലി കറക്റ്റ്‌

ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരവാദികള്‍ നിരപരാധികളെ കൊന്നുകൊണ്ടേയിരിക്കുന്നു. ഭീകരവാദം അപലപിക്കപ്പെടേണ്ടതുതന്നെ; ഏവരും സമ്മതിക്കും. പക്ഷേ അങ്ങനെ ചെയ്യണമെങ്കില്‍ ‍ആദ്യം ബാബറി മസ്ജിദ് തകര്‍ത്തതിനെയും ഗുജറാത്തിലെ കലാപത്തെയും ശക്തമായി അപലപിക്കണം. പിന്നെ ബുഷിനെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ആക്രമിക്കണം. സദ്ദാം ഹുസ്സൈനെ സലാം വയ്ക്കണം. പലസ്തീന്‍....അഫ് ഗാനിസ്ഥാന്‍......ഇറാന്‍....ഇറാഖ്..... ഒക്കെയും കടന്ന്‌ കിതച്ച്‌ തളര്‍ന്ന ശബ്ദത്തില്‍ പിറുപിറുക്കണം ബോംബിട്ടത്‌ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയെന്ന്‌. അപ്പോള്‍ മാത്രമേ നിങ്ങള്‍ പൊളിറ്റിക്കലി കറക്റ്റ്‌ ആവൂ. അല്ലെങ്കിലോ, സാമ്രാജ്യത്തപക്ഷപാതിയോ, കുറഞ്ഞപക്ഷം ഒരു ചില്ലറ ഫാസിസ്റ്റോ(അമ്പാ...!) ആയി ഗതികിട്ടാതെ അലയാനാവും നിങ്ങളുടെ വിധി.

Sunday, 20 July 2008

ചരിത്രച്ചിരി

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ മുസ്ലിം ലീഗന്മാര്‍ അക്രമക്കളി നടത്തുന്നതില്‍, അതും ആചാര്യന്റെ പാര്‍ട്ടിക്കുനേര്‍ക്കുതന്നെ, ഒരു ചരിത്രച്ചിരിയുണ്ട്. ആരും തൊടാതെ ദൂരെനിര്‍ത്തിയിരുന്ന ചത്ത കുതിരയെ എടുത്തുകൊണ്ടുവന്ന് ബിരിയാണിവെച്ചുകൊടുത്ത് പുതുജീവന്‍ നല്‍കി മന്ത്രിസ്ഥാനവും കൊടുത്ത് പോരാത്തതിന് സ്വന്തമായി ഒരു ജില്ലയും സമ്മാനിച്ച് അതിനെ ഇന്നത്തെപ്പോലെ ഒരു വിഷമരമായി വളര്‍ത്തിയെടുത്തത് തിരുമേനിയായിരുന്നല്ലോ.

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദി സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ ആഘോഷിക്കുമ്പോള്‍ ചരിത്രം ചിരിക്കുന്നത് കൂടി കേട്ടാല്‍ നന്ന്.

Saturday, 12 July 2008

കാണേണ്ടത്

സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച ഡോക്ടറാണ്; പോരാത്തതിന് പ്രസിദ്ധനായ ഒരു പണ്ഡിതന്റെ മകന്‍ എന്ന ഖ്യാതിയും! ഈ ഡോക്ടറുടെ തിരുവനന്തപുരത്തെ വീട്ടിലെ കണ്‍സല്‍ട്ടിങ് റൂമിനു വെളിയില്‍ ഇങ്ങനെ ഒരറിയിപ്പുണ്ട്: ‘ ഫീസ് പൊതിഞ്ഞു തരരുത് .’

കണ്ടോ ബുദ്ധി! ചുമ്മാതല്ല അദ്ദേഹത്തിനവാര്‍ഡ് ‍ കിട്ടിയത്.

Friday, 11 July 2008

ഞാനെങ്ങനെ ബ്ലോഗറായി?

ആദ്യം ഞാന്‍ കവിതയിലാണ് കൈവെച്ചത്. ആഴ്ചയില്‍ നാലെണ്ണമെങ്കിലുമെഴുതി. വായിക്കാനിടയായ മുതിര്‍ന്നവര്‍ തൊഴുതു പറഞ്ഞു: ‘ മകനേ, അരുത്....അവിവേകമരുത് ’. ഗുരുത്വദോഷം ഭയന്ന് പിന്‍വാങ്ങി. പിന്നെ കഥയെഴുത്തു തുടങ്ങി. ഒരെണ്ണം വായിച്ച സാഹിത്യപ്രേമിയും പരമ സാത്വികനുമായ അച്ഛന്‍ മുളവടിയുമെടുത്ത് എന്റെ പുറകെ ഓടി. അങ്ങനെ അതും നിന്നു. സര്‍ഗ‌വാസനയെ എത്രകാലം അടക്കിനിര്‍ത്താന്‍ കഴിയും! ഒരു ചെറു നോവലായി അവന്‍ പത്തിവിടര്‍ത്തി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. അവരെല്ലാം പിന്നെ കണ്ടാല്‍ മിണ്ടാതായി. രണ്ടു പേജു വായിച്ച ഒരു പത്രാധിപര്‍ വിളിച്ച തെറി എന്റെ കൂമ്പടപ്പിച്ചെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

കുറച്ചു നാള്‍ മര്യാദയ്ക്കു നടന്നു. അപ്പോഴാണ് ഒരു തോന്നല്‍- തത്ത്വചിന്താപരമായ കുറിപ്പുകള്‍ക്കു നല്ല മാര്‍ക്കറ്റാണല്ലോ, അതൊന്നു നോക്കിയാലോ? രണ്ടുമൂന്നെണ്ണം കാച്ചി. പെങ്ങള്‍ക്ക് തന്നെ ആദ്യം വായിക്കാന്‍ കൊടുത്തു. അവര്‍ ബോധംകെട്ടുവീണു. പെറ്റമ്മ തൊഴുകൈയോടെ കരഞ്ഞപ്പോള്‍ പ്രതിജ്ഞയെടുത്തു- ഇനി മേലാല്‍ പേന കൈകൊണ്ടു തൊടില്ല. പക്ഷേ സര്‍ഗ്ഗവാസനയുടെ കാര്യമാര്‍ക്കാണറിഞ്ഞുകൂടാത്തത്, അവനെ പിഴുതെറിഞ്ഞാല്‍ അവന്‍ വീണ്ടും പൊട്ടിമുളയ്ക്കില്ലേ? മുളച്ചു സഹോദരാ, മുളച്ചു; ഇത്തവണ നാടകവേഷത്തില്‍. രചനയും സംവിധാനവും സ്വയം നിര്‍വഹിച്ചു. ഒരേയൊരു തവണ അരങ്ങേറി. പ്രേക്ഷകര്‍ അണിയറയിലെത്തി നാടകമെഴുതിയവനെ അന്വേഷിച്ചുകണ്ടെത്തി തല്ലുന്നത് നിങ്ങള്‍ക്ക് കേട്ടുകേള്‍വിയുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടല്ലോ?

ആയുര്‍വേദ ചികിത്സയൊക്കെ ചെയ്ത് ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് പിന്നേം ഓരോരോ തോന്നലുകള്. നിഷ്കരുണം അടിച്ചമര്‍ത്തി. സര്‍ഗ്ഗവേദനതന്നെ. പക്ഷേ, ശരീരവേദന എന്നത് അതിനെക്കാള്‍ എത്രയോ ഭയങ്കരമാണ്! ആ ഓര്‍മ്മയുണ്ടായിരുന്നതുകൊണ്ട് മനസ്സില്‍മാത്രം പലതും എഴുതിയും മായ്ച്ചുകളഞ്ഞും രസിച്ചു. അങ്ങനെ കഴിഞ്ഞുവരവെയാണ് ബ്ലോഗിനെപ്പറ്റി കേള്‍ക്കുന്നത് . ആരാലും കാണപ്പെടാതെയിരുന്ന് ഓരോന്നു തട്ടിവിടുന്നത് എന്തുകൊണ്ടും സെയിഫാണ് . ഇപ്പോള്‍ മനസ്സിലായില്ലേ ഞാനെങ്ങനെ ബ്ലോഗറായെന്ന്! ‍

(നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലൊഗറായെന്ന് .)

Saturday, 5 July 2008

ഹര്‍ത്താല്‍, ഓ ഹര്‍ത്താല്‍

എന്താണ് ഹേ ഇങ്ങനെ? ഹര്‍ത്താലിന്റെ തലേന്ന് ലിക്കര്‍ കടയിലും സി.ഡി. കടയിലും കോഴിക്കടയിലും തിരക്കായിരുന്നെങ്കില്‍ പത്രക്കാര്‍ക്കെന്താ ചേതം? ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി. എ. യും പ്രൊമോഷനും പോലെതന്നെയാണ്‌ ഹര്‍ത്താലും. ഞ‍ങ്ങളതാഘോഷിക്കും. അധ്വാനിക്കുന്ന വര്‍ഗ്ഗം നേടിയെടുത്ത അവകാശമാണ് ഹര്‍ത്താലെന്ന് നിങ്ങള്‍ക്കൊക്കെ ഇനി എന്നാണു കൂവേ മനസ്സിലാകുക? അതുകൊണ്ട് എല്ലാ പാര്‍ട്ടിക്കാരും ആഴ്ചയിലൊന്നുവെച്ചെങ്കിലും ഹര്‍ത്താല്‍ നടത്തിയേ മതിയാകൂ. ഞങ്ങളുടെ അവകാശം ഹനിച്ചാല്‍ ഞങ്ങ‍ള്‍ നേരിട്ട് ഹര്‍ത്താല്‍ നടത്തിക്കളയും. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, കാഷ്വല്‍ ലീവ് പോലും! ഇനി വല്ല കോടതിയോ മറ്റോ ഹര്‍ത്താല്‍ നിരോധിക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യക്കൊരുങ്ങും, പറഞ്ഞേക്കാം.