Wednesday, 27 February, 2008

സച്ചാര്‍ രക്ഷിക്കുമോ മുസ്ലീങ്ങളെ?

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ അത് നടപ്പാക്കുന്നതിനുള്ള പ്രാരംഭമായി രൂപീകരിച്ച‍ പാലൊളിക്കമ്മിറ്റി സര്‍ക്കാരിന് ‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നു.

മറ്റു സംസ്ഥാനങ്ങളിലെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക് കേരളത്തിലെ കാര്യം നോക്കാം. മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസപരവും സാ‍മൂഹികവുമായ പിന്നോക്കാവസ്ഥ ഉണ്ടാകാന്‍ കാരണമെന്ത്? അവര്‍ക്ക് തൊട്ടുകൂടായ്മയോ വഴിനടക്കാനുള്ള വിലക്കോ നേരിടേണ്ടിവന്നിട്ടുണ്ടോ? വിദ്യാലയങ്ങളില്‍ അവര്‍ക്ക് പ്രവേശനം‍ നിഷേധിക്കപ്പെട്ടിരുന്നോ? അവരിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നാണുത്തരമെന്ന് നമുക്കറിയാം. മേല്‍പ്പറഞ്ഞതെല്ലാം അനുഭവിച്ചിരുന്ന പിന്നോക്കഹിന്ദുക്കള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ന് മുസ്ലീങ്ങളെക്കാള്‍ മുന്നിലത്രെ.

എന്താണ്‍ ഇതിനു കാരണം? കേരളത്തില്‍ എല്ലായിടത്തും സ്കൂളുകളുണ്ട്. ഏതു ജില്ലയിലുമുള്ള കുട്ടികള്‍ക്ക് നടന്നുപോയി പഠിക്കാവുന്നത്രയുമടുത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ സ്കൂളുകളുണ്ട്. വിദ്യാഭ്യാസത്തിന്റെ ചിലവോ തുച്ഛവും. എന്നിട്ടും മുസ്ലീങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കേണ്ടത് ആ സമുദായത്തിനകത്തുതന്നെയാണ് ‍.

മതാചാരങ്ങളില്‍ അടിയുറച്ച ഒരു ജനതയാണ് ‍ മുസ്ലീങ്ങള്‍. അതുകൊണ്ടുതന്നെ മതനേതാക്കള്‍ക്കും മതസംഘടനകള്‍ക്കും ആ സമുദായത്തിനുമേലുള്ള സ്വാധീനവും നിയന്ത്രണവും കടുത്തതാണ് ‍. മതനേതാക്കളുടെയും സംഘടനകളുടെയും കാലത്തിനു യോജിക്കാത്ത ചിന്താഗതിക്കകത്താണ് ‍ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ കിടക്കുന്നത്. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നതും ജോലിക്കുപോകുന്നതുമൊക്കെ അനിസ്ലാമികമാണെന്നാണ് കാന്തപുരവും ജമാ അത്തെ ഇസ്ലാമിയും അതുപോലെ മറ്റു പലരും പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കു സമുദായത്തെ തെളിച്ചുകൊണ്ടു പോകുന്നവര്‍ തന്നെയാണ് മുസ്ലീങ്ങള്‍ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍.

ആധുനികതയ്ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു ജനത പുറകിലാക്കപ്പെടുന്നത് സ്വാഭാവികം മാത്രം. മതനേതാക്കള്‍ മനസ്സുകൊണ്ട് മതമുണ്ടായ നൂറ്റാണ്ടില്‍ ജീവിക്കുകയും അന്നത്തെ മൂല്യങ്ങളൊഴിച്ച് ബാക്കിയെല്ലാം മതവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും സാമാന്യജനതയ്ക്ക് അതൊക്കെ അനുസരിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ ജൈവികത നഷ്ടപ്പെട്ട് സമുദായം ജീര്‍ണിക്കുന്നു. ഹിന്ദു- ക്രിസ്ത്യന്‍ മതങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ നവീകരണപ്രസ്ഥാനങ്ങള്‍ ആ മതങ്ങളെ ചലനാത്മകമാക്കുകയും പല ദുരാചാരങ്ങളെയും ഇല്ലാതാക്കുകയും ചെയ്തു. ഇസ്ലാമില്‍ നവീകരണങള്‍ നടക്കുന്നില്ല എന്നതാണ്‍ ആ മതത്തിന്റെ പേരില്‍ നടക്കുന്ന പല ദുഷ്ചെയ്തികള്‍ക്കും കാരണം. ലിബെറല്‍ ശബ്ദങ്ങളെ മതമേധാവികള്‍ അമര്‍ച്ചചെയ്യുന്നു. ഇസ്ലാമിലെ ബുദ്ധിജീവിവിഭാഗംപോലും മതനേതാക്കളുടെ പിന്തിരിപ്പന്‍ ആശയങ്ങളെ എതിര്‍ക്കാനോ പുതിയ ചിന്തകള്‍ അവതരിപ്പിക്കാനോ തുനിയുന്നില്ല. അസ്ഗര്‍ അലി എഞ്ചിനിയരും മുശിരുല്‍ ഹസ്സനും മുതല്‍ ഓണത്തിലും കാളനിലും സവ ര്‍ണ‍തയുണ്ടോ എന്നു തേടിനടക്കുന്ന നമ്മുടെ കുഞ്ഞഹമ്മദു വരെയുള്ളവര്‍ക്ക് മതനേതാക്കളെ പേടിയാണ് ‍. നവീകരണത്തിനുള്ള ഏതെംകിലും നീക്കം നടന്നാ‍ല്‍ എന്തുസംഭവിക്കുമെന്നറിയാന്‍ ചേകന്നൂരിന്റെ കാര്യമോര്‍ത്താല്‍മതി.

ആധുനികമായ സാമൂഹിക സാംസ്കാരിക മൂല്യങ്ങളെ സ്വാംശീകരിച്ചാല്‍മാത്രമേ മുസ്ലീം സമുദായം രക്ഷപ്പെടൂ. സ്ത്രീയും പുരുഷനും ഒരുപോലെ വിദ്യാഭ്യാസം ചെയ്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വതന്ത്രമായി വ്യാപരിച്ച് പൂര്‍ണമനുഷ്യരായി വളരേണ്ടതുണ്ട്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച പുരുഷന്‍ ബുര്‍ഖധരിച്ച ഭാര്യയുമായി നടക്കുന്ന വിരോധാഭാസം ഒരു സമുദായത്തിനും ഗുണകരമല്ല. പര്‍ദയും ബുര്‍ഖയും നൂറ്റാണ്ടുകള്‍ക്കുമുമ്പത്തെ സാമൂഹ്യവ്യവസ്ഥയില്‍ മരുഭൂമിയിലെ പ്രത്യേക പരിതസ്തിതിയുമായി ബന്ധപ്പെട്ടുണ്ടായതാണ് ‍. ഇന്നത്തെ സ്ത്രീകളെ അത് മതത്തിന്റെ പേരില്‍ അണിയിക്കുന്നവര്‍ സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകയാണ് ‍.

ശരിഅത്ത് നിയമങ്ങളില്‍ കാലത്തിനു യോജിക്കുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഇഷ്ടമുള്ളത്രയും വിവാഹം കഴിക്കുകയും ഇഷ്ടമുള്ളത്രയും കുട്ടികളെയുണ്ടാക്കുകയും ചെയ്യുന്നത് ആധുനികലോകത്തിനു ചേര്‍ന്നതല്ല എന്നതിരിച്ചറിവ് അത്യാവശ്യം വരേണ്ടിയിരിക്കുന്നു. കുടുംബാസൂത്രണം സ്വീകരിക്കേണ്ടത് സമുദായത്തിന്റെ നന്മയ്ക്ക് അത്യന്താപേക്ഷിതമാണ്‍ എന്നു മനസ്സിലാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു മുസ്ലീങ്ങള്‍ കടക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.


മദ്രസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും മുസ്ലീങ്ങളുടെ പുരോഗതിക്ക് ആവശ്യമാണ് ‍. മതപഠനമല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ലാത്ത, നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ ജീവിക്കുന്ന കുറെ മനുഷ്യരാണ് ‍ മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കുഞ്ഞു മനസ്സുകളില്‍ അസഹിഷ്ണുതയും മതാവേശവും വളര്‍ത്തുകയും തീവ്രവാദത്തിന്റെ വിത്തുകള്‍ പാകുകയും ചെയ്യുന്നത് മദ്രസകളിലാണെന്ന് ആര്‍ക്കാണറിയാത്തത്! മതപഠനം നടത്തേണ്ടത് ആവശ്യമാണെങ്കില്‍ അത് വീടുകളില്‍ മുതിര്‍ന്നവര്‍ക്ക് ചെയ്യാവുന്നതേയുള്ളൂ.

അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും കാലാനുസ്രുതമായ മാറ്റങ്ങള്‍ക്കു തയ്യാറാവുകയും ചെയ്താലേ മുസ്ലീംജനതയ്ക്ക് മുന്നോട്ടു കുതിക്കാനാകൂ. അസുഖകരമായ സത്യങ്ങള്‍ പറയുന്നവരെ മുസ്ലിംവിരുദ്ധരായി പ്രഖ്യാപിക്കാന്‍ എളുപ്പമാണ് ‍. അത് മതമേധാവികളുടെ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ പിടിയില്‍നിന്ന് മോചിതരായി ഇസ്ലാമിന്റെ ഉന്നതമായ മൂല്യങ്ങളെ കൈവിടാതെതന്നെ ആധുനികലോകവുമായി ഇണങ്ങി സ്വയം മാറാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടക്കാനും മുസ്ലീം സ്ത്രീകളും പുരുഷന്മാരും തയ്യാറായാല്‍ ആര്‍ക്കും അവരുടെ മുന്നേറ്റത്തെ തടയാനാവില്ല. അങ്ങനെ മാത്രമേ അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കപെടുകയുള്ളൂ.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതുകൊണ്ട് മുസ്ലീങ്ങള്‍ക്കിടയിലെ സമ്പന്നരും ഉന്നതവിദ്യാഭ്യാസംനേടിയവരും ‍അധികാരപദവികള്‍ അലംകരിക്കുന്നവരുമായ വിഭാഗത്തിനു മാത്രമാകും പ്രയോജനം ലഭിക്കുക. പിന്നെ, മുസ്ലീങ്ങളെ വോട്ടുബാങ്കായിമാത്രം കാണുന്ന കുറെ രാഷ്ട്രീയക്കാര്‍ക്കും. അതുകൊണ്ടാണല്ലോ അവര്‍ സച്ചാര്‍ സച്ചാര്‍ എന്നു പറഞ്ഞു മുറവിളികൂട്ടുന്നതും. ഇപ്പോഴാണ് ‍ നാം കുഞ്ചന്‍ നമ്പ്യാരെ ഓര്‍ക്കേണ്ടത്: “സച്ചാര്‍ കമ്മീഷന്‍ മഹാശ്ചര്യം………………………………………..”

സ്വയം മാറുകയും സമുദായത്തിലെ പ്രതിലോമശക്തികളെ ചെറുക്കുകയും ചെയ്ത് ആധുനികലോകത്ത്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുകയാണ് ‍ മുസ്ലീങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിന്റെ സക്കാത്തുകള്‍ക്കായി കൈനീട്ടിയിരിക്കുകയല്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള ഔദാര്യങ്ങള്‍ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ക്ക് കൂടുതല്‍ ഇന്ധനം പകരാന്‍ മാത്രമേ ഉപകരിക്കൂ.

സച്ചാറും പാലൊളിയുമല്ല മുസ്ലീങ്ങള്‍തന്നെയാണ് ‍ അവരെ സ്വയം രക്ഷിക്കേണ്ടത് .