Tuesday 25 December, 2007

ബ്രിട്ടീഷ് ലൈബ്രറിക്കു നമസ്കാരം

തലസ്ഥാനത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടാനുള്ള തീരുമാനം സ്ഥലത്തെ എലീറ്റ് ജനവിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷ് കൌണ്‍‍‍സിലിനു‍‍ നിവേദനമയക്കുകയും വെബ് സൈറ്റ് ആരംഭിക്കുകമൊക്കെ ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍തന്നെ പ്രശ്നത്തില്‍ നേരിട്ടിടപെട്ടിരിക്കുന്നു.

ഏതു ലൈബ്രറിയും പൂട്ടപ്പെടുന്നത് ദു:ഖകരമത്രെ‍‍. അതിനാല്‍ പ്രതിഷേധം നല്ലതുതന്നെ. പക്ഷേ, നാമോര്‍ത്തിരിക്കേണ്ട ചിലതുണ്ട്. ബ്രിട്ടീഷ് ലൈബ്രറി ഒരു സ്വകാര്യ സംരംഭമല്ലേ‍‍, അതും ഒരു വിദേശ സ്ഥാപനത്തിന്റെ? മുടക്കുന്ന പണം വെറുതെയായിപ്പോകരുതെന്ന് അതു മുടക്കുന്നവര്‍ക്ക് നിര്‍ബന്ധമുണ്ടാകുമല്ലോ. തലസ്ഥാനത്തെ ലൈബ്രറി ലാഭകരമല്ലെന്നും അതില്‍ പണം മുടക്കുന്നത് നന്നല്ലെന്നും അവര്‍ക്ക് തോന്നിയാല്‍ അത് അടച്ചുപൂട്ടാ‍ന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ലേ?

മറ്റൊരു ചോദ്യം, ബ്രിട്ടീഷ് ലൈബ്രറിയില്ലെങ്കില്‍ തിരുവനന്തപുരത്തെ ജനങ്ങളെല്ലാം മന്ദബുദ്ധികളായിത്തീരുമോ? അവിടെ വേറേയും ലൈബ്രറികളുണ്ട്. പിന്നെ, ലൈബ്രറിയില്‍നിന്നു മാത്രമാണോ നമുക്കിന്ന് വിജ്ഞാനം ലഭിക്കുന്നത്? ഇന്റര്‍നെറ്റ് ഉണ്ടാക്കിയ വിജ്ഞാനവിസ്ഫോടനം അറിവിലേക്ക് ഒന്നിലധികം പാതകള്‍ നമുക്ക് തുറന്നുതന്നിരിക്കുന്നു. ‍

ബ്രിട്ടീഷ് ലൈബ്രറി തലസ്ഥാനത്തെ എലീറ്റ് വിഭാഗത്തിനൊരു നൊസ്റ്റാല്‍ജിയയും പദവിചിഹ്നവുമാണെന്നതാണു സത്യം‍. ഗോള്‍ഫ് ക്ലബ്ബും ട്രിവാണ്‍ട്രം ക്ലബ്ബും പോലെ മറ്റൊന്ന്. സായിപ്പിന്റെ ലൈബ്രറിയില്‍ അംഗമായാല്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഉയരെയാകുമെന്ന തോന്നല്‍. വിജ്ഞാനദാഹമാണു‍ പ്രശ്നമെങ്കില്‍ തലസ്ഥാനത്തെതന്നെ പബ്ലിക് ലൈബ്രറിയുടെ ദയനീയാവസ്ഥ ഇവരെയൊന്നും വേദനിപ്പിക്കാത്തതെന്ത്? എത്രയോ വര്‍ഷത്തെ പഴക്കമുള്ള ആ സ്ഥാപനം കുറെ പൊടിപിടിച്ച പഴഞ്ചന്‍ പുസ്തകങ്ങളുടെ ആലയം മാത്രമാണിന്ന്. അതിനെ രക്ഷിക്കണമെന്ന് ആരും വിളിച്ചുകൂവുന്നില്ല. കാരണം വ്യക്തം- അത് ചെറിയ മനുഷ്യര്‍ക്കുള്ള ലൈബ്രറിയത്രെ‍.

ബ്രിട്ടീഷ് ലൈബ്രറി പൂട്ടാന്‍ അതിന്റെ ഉടമസ്ഥര്‍ തീരുമാനിച്ചാല്‍ നാമെന്തിനു‍ കരഞ്ഞുവിളിക്കണം? വാണിജ്യപരമായ പ്രവര്‍ത്തനങ്ങ‍ളാണവര്‍ കഴിഞ്ഞ കുറെ കാലമായി മുഖ്യമായി നടത്തിക്കൊണ്ടിരിക്കുന്നത് . ഒരിക്കലത് വിദേശത്തുനിന്നുള്ള പുസ്തകങ്ങളുടെയും മാഗസീനുകളുടെയും ലോകത്തേക്ക് ഒരു വാതിലായിരുന്നു കുറച്ചുപേര്‍ക്കെങ്കിലും. അന്ന് വേറേ വാതിലുകള്‍ ഉണ്ടായിരുന്നില്ലതാനും. ഇന്നാകട്ടെ വാതിലുകളേറെയുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയുടെ ചരിത്രനിയോഗം അവസാനിച്ചിരിക്കുന്നു. ഇനിയതിനെ പോകാനനുവദിച്ചുകൂടേ? പഴയതെല്ലാം അങ്ങനെതന്നെ എന്നുമുണ്ടാകണമെന്നുള്ള ആഗ്രഹം അത്ര നല്ലതാണോ?

ചിലതു പോകുമ്പോള്‍ മറ്റുചിലത് വരുന്നു. ഇന്ന് തലസ്ഥാനത്തെ സാംസ്കാരിക ജീവിതത്തെ സജീവമാക്കിനിര്‍ത്തുന്ന ഒരു സ്ഥാപനമാണു‍ ഫ്രെഞ്ചുകാരുടെ അലോയിണ്‍സ് ഫ്രാങ്സ്വൈസ്. ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയോട് തോന്നുന്ന വികാരം നാളെ ചിലര്‍ക്ക് ഈ സ്ഥാപനത്തോടാവും തോന്നുക. കുറച്ചുകാലം കഴിയുമ്പോള്‍ അത് അടച്ചുപൂട്ടാന്‍ അവര്‍ തീരുമാനിച്ചാല്‍ അപ്പോഴുമുണ്ടാകും കുറേപ്പേര്‍ നെഞ്ചത്തടിക്കാനും നിലവിളിക്കാനും. ഇതൊരു രോഗംതന്നെ‍. മാറ്റങ്ങളെ അഭിമുഖീകരിക്കാനാവാതെ ശീലങ്ങളില്‍ അള്ളിപ്പിടിച്ചുകിടക്കാനുള്ള വാസന.

Thursday 6 December, 2007

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണമെന്നത് വെറുമൊരു ബഡായിയല്ലെന്ന് തെളിയിച്ചിരിക്കുകയാണു തിരുവനന്തപുരത്തെയും എറണാകുളത്തെയും രണ്ടു സ്ത്രീരത്നങ്ങള്‍‍‍. നമ്മള്‍ ടിവിയില്‍ കണ്ടതല്ലേ അവരുടെ ജോറന്‍ പ്രകടനം. ഒരുവള്‍ പോലീസുകാരിയുടെ മോന്തയ്ക്കു കൊടുക്കുന്നു, മറ്റവള്‍ നിലത്തുകിടക്കുന്നവന്റെമേല്‍ ചെരിപ്പും കസേരയും കൊണ്ട് ശാക്തീകരണം നടത്തുന്നു.
ഇനിയെന്തായാലും പുരുഷകേസരികള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്ന്. സ്ത്രീകളും രാഷ്ട്രീയം പയറ്റാന്‍ തുടങ്ങിക്കഴിഞ്ഞു. കയ്യാങ്കളിതന്നെ രാഷ്ട്രീയത്തിനത്യാവശ്യം വേണ്ടതെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞു. അടിതുടങ്ങിയാല്‍ അവരേ ജയിക്കൂ കേസരികളേ! ബെല്‍റ്റിനു മുകളില്‍ മാത്രമല്ല അടിയിലും ഇടിക്കുമവര്‍. 33 ശതമാനം സംവരണംകൂടി വന്നുകഴിഞ്ഞാല്‍ പോക്കാണു പുരുഷന്മാരേ നമ്മുടെ കാര്യം.

Sunday 18 November, 2007

വിപ്ലവം പ്ലവം പ്ലവം.....

നാലു സൈക്കിള്‍ചക്രങ്ങള്‍ താങ്ങുന്ന തട്ടിന്മേലുള്ള സ്റ്റൌവിന്മേലുള്ള പാത്രത്തില്‍ കരണ്ടികൊണ്ടു തട്ടിക്കൊണ്ടു ‍കപ്പലണ്ടി വില്‍ക്കുന്ന പയ്യനു നേര്‍ക്ക് രണ്ടു രൂപ നീട്ടുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഒരു മൊബൈല്‍ ഫോണ്‍ ചിലച്ചു. തട്ടിന്റെ മേലെവിടെനിന്നോ അതിനെ തപ്പിയെടുത്ത് ചെവിയില്‍ വെച്ച് അവന്‍ തമിഴില്‍ പേശാന്‍ തുടങ്ങി. അതെ, പരസ്യത്തില്‍ കാണുന്ന പോലെ തന്നെ.
അമ്പടാ........... നമ്മുടെ നാടിന്റെയൊരു പോ‍ക്കേ........! അല്ലാ......... ഇനി വിപ്ലവം മൊബൈലിലൂടെയെങ്ങാനും വരുമോ?

ആഗോളീകരണം

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സാറാ ജോസഫിന്റെ നോവലിന്റെ ‘വരുന്നൂ....’ പരസ്യമുണ്ട്. മോഡല്‍ സാറാ ടീച്ചര്‍ തന്നെ. സുന്ദരമായ സാരിയും ചെരുപ്പുമിട്ട് അതിലും സുന്ദരിയായി ടീച്ചര്‍ വായിച്ചുകൊണ്ടിരിക്കുന്നു. ടൈല്‍സ് പാകിയ തറയും ഭിത്തിയുമുള്ള വീട്.

വിട്രിഫൈഡ് ടൈല്‍സിലിരുന്ന് ആഗോളീകരണത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുവതെന്തുരസം!

Friday 9 November, 2007

കാഴ്ച

ഇരുട്ടില്‍ മുങ്ങിയ നഗരവീഥിയിലൂടെ ഞാന്‍. എന്നിലൂടെ ചിന്തകള്‍ മുളങ്കൂട്ടത്തിലൂടെ കാറ്റെന്നപോലെ. പെട്ടെന്ന് കാഴ്ചയില്‍നിന്നു മറഞ്ഞൂ ഭീമാകാരന്മാരായുയര്‍ന്നുനിന്നിരുന്ന കെട്ടിടങ്ങള്‍. എവിടെപ്പോയി റോഡിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന വാഹനങ്ങള്‍? പതിയെ ഒരു മണം വന്നു മൂക്കില്‍ തൊട്ടു; പാലപ്പൂവിന്റേത്. അതെല്ലായിടത്തും പരന്നു. മത്തുപിടിച്ചെനിക്ക്. ചീവീട് കൂമന്‍ തുടങ്ങിയവര്‍തന്‍ ശബ്ദങ്ങളുയര്‍ന്നു. വമ്പന്‍ മരങ്ങള്‍ വളര്‍ന്നു മൂടീ ചുറ്റിനും. ഇത്തിരിപ്പോന്ന വഴിയിലൂടെ നടന്നു ഞാന്‍ തപ്പിത്തടഞ്ഞ്. പെട്ടെന്നൊരു ശബ്ദം കേട്ടു; അതെ, ചിലങ്ക തന്നെ. ഉള്ളിലെ പറച്ചെണ്ടകള്‍ ഒന്നിച്ചു മുഴങ്ങി. അറിയാമെനിക്കിനി എന്തെന്ന്. ഇതുതാനല്ലോ മനം കാത്തിരുന്നത്! ഉദിച്ചൂ തീക്ഷ്ണ‍മാം വെണ്മ....... പെട്ടെന്ന് കറണ്ടു വന്നു. റോഡ് നിറയെ വാഹനങ്ങള്‍. ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍. ശബ്ദങ്ങളുടെ കോലാഹലം. ഫുട്പാത്തിലൂടെ പാലും പച്ചക്കറിയുമായി ഞാന്‍ വീട്ടിലേക്കു നടക്കുകയായിരുന്നു.‍

Sunday 4 November, 2007

സ്കൂട്ടര്‍

എത്ര കാലമായെടോ കാലമാടാ ഞാന്‍ തന്നെയും ചുമന്ന് ഈ റോഡായ റോഡൊക്കെ അലയുന്നു! മഴയും വെയിലും സഹിച്ച് ഓഫീസിനും ഹോട്ടലിനും സിനിമാ തീയറ്ററിനും ബാറിനുമൊക്കെ മുന്നില്‍ ഞാന്‍ തന്നെയും കാത്ത് ക്ഷമയോടെ നില്‍ക്കാന്‍ തുടങ്ങിയിട്ടെത്രകാലായെന്നാ തന്റെ വിചാരം? തന്റെ ഉപ്പുചാക്കുപോലുള്ള ഭാര്യയും മക്കളും കയറുമ്പോള്‍ എന്റെ നട്ടെല്ല് ചതഞ്ഞൊടിയുന്നപോലെ തോന്നും. ഞാനതൊന്നും തന്നെ അറിയിച്ചിട്ടില്ല. അല്ലാ...... അറിയിച്ചിട്ടും കാര്യമൊന്നുമില്ല.

താനെന്തുമാതിരി മനുഷ്യനാണെടോ? തന്റെ സമയത്തെയും ലക്ഷ്യത്തെയും കൂട്ടിയിണക്കുന്ന എന്നോട് താനെന്നെങ്കിലും നന്ദി കാണിച്ചിട്ടുണ്ടോ? എന്നെ സ്നേഹത്തോടെ ഒന്നു നോക്കിയിട്ടുണ്ടോ? ഒന്നു തലോടിയിട്ടുണ്ടോ? എന്നെ ഒന്നു കഴുകുകപോലും ചെയ്യാറില്ല താന്‍. വല്ലപ്പോഴും ഒരു പഴന്തുണികോണ്ട് ഒന്നോടിച്ചു തുടയ്ക്കും. അതെങ്ങനാ, അടിവസ്ത്രം മാറാതെ ഷര്‍ട്ടും പാന്റും മാത്രം കഴുകി തേച്ച് നടക്കലാണല്ലോ തന്റെ രീതി. വര്‍ഷങ്ങളുടെ അഴുക്കും പൊടിയും അടിഞ്ഞുകയറി ഞാന്‍ അവശനായിരിക്കുന്നു. എനിക്കും വയസായിരിക്കുന്നു. എന്റെ അവയവങ്ങള്‍ പ്രായത്താല്‍ തളര്‍ന്നിരിക്കുന്നു. കിതച്ചും ഞരങ്ങിയും മാത്രമേ എനിക്കു നീങ്ങാനാവുന്നുള്ളൂ.

തീരെ വയ്യാണ്ടായപ്പോള്‍ ഒരടിപോലും നീങ്ങാനാവാതെ ഞാനിന്ന് വഴിയില്‍ കിടന്നുപോയതിനാണല്ലോ താനെന്നെ വായില്‍ വന്ന തെറിമുഴുവന്‍ വിളിച്ചിട്ട് മെക്കാനിക്കിനെ തേടി പോയിരിക്കുന്നത്. എനിക്കെല്ലാം മടുത്തിരിക്കുന്നു. പാലത്തിനോടടുത്ത് നല്ല ഉയരത്തിലുള്ള ഈ റോഡുവക്കിലാണല്ലോ താനെന്നെ നിര്‍ത്തിയിരിക്കുന്നത്.
ഒന്നു മറിഞ്ഞാല്‍മതി ഞാന്‍ താഴെയെത്താന്‍. അവിടെനിന്ന് കുറച്ചൊന്നുരുണ്ടാല്‍ നദിയിലെത്താം. പിന്നെയെല്ലാം അത് നോക്കിക്കൊള്ളും. ജലത്തിന്റെ സ്നേഹം, കരുണ, തലോടല്‍, കരുതല്‍...... അതാണെനിക്കു വേണ്ടത്.

Thursday 1 November, 2007

ഹര്‍ത്താല്‍

കേരളപ്പിറവിദിനത്തില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തുന്നതില്‍ സകലര്‍ക്കും എതിര്‍പ്പ്. കേരളപ്പിറവിദിനം ഹര്‍ത്താലോടെയല്ലാതെ പിന്നെങ്ങനെയാണു സമുചിതം ആഘോഷിക്കുക? കേരളം ലോകത്തിനു ദാ‍നം ചെയ്ത ഏറ്റവും മഹത്തായ സംഭവംതന്നെയല്ലേ ഹര്‍ത്താല്‍! തെങ്ങും കെട്ടുവള്ളവും പൂരവുമൊക്കെപ്പോലെ നമ്മുടെ നാടിന്റെ മറ്റൊരു ട്രേഡ് മാര്‍ക്കല്ലേ അത്? അപ്പോള്‍ കേരളത്തിന്റെ ജന്മദിനം നാം ഹര്‍ത്താലോടെതന്നെ വേണ്ടേ ആഘോഷിക്കാന്‍?
ബി ജെ പി നേതാക്കള്‍ എത്ര ഭാവനാശാലികളാണെന്നു നോക്കൂ. മറ്റു പാര്‍ട്ടിക്കാര്‍ക്കൊക്കെ അസൂയയാണു കേട്ടോ. അസൂയ നല്ലതല്ല എന്നുമാത്രമേ പറയാനുള്ളൂ. അടുത്ത വര്‍ഷവുമുണ്ടല്ലോ ഈ പിറവിദിനം. അന്നു നമുക്കു ബി ജെ പിക്കാരെ തോല്‍പ്പിക്കണം എന്ന ഉറച്ച തീരുമാനത്തില്‍ തല്‍ക്കാലം അടങ്ങുക. അടുത്ത വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ തന്നെ മുന്‍കൂട്ടി പ്രഖ്യാപിക്കണം നവംബര്‍ ഒന്നിന് 24 മണിക്കൂര്‍ ഹര്‍ത്താല്‍. അല്ലെങ്കില്‍ വേറെയാരെങ്കിലും കേറി പ്രഖ്യാപിച്ചുകളയും. രാഷ്ട്രീയ പാര്‍ട്ടികള്‍ തോല്‍ക്കുന്നതെനിക്കു സഹിക്കില്ല. അവരല്ലേ നമ്മുടെ അന്നദാതാക്കളായ പൊന്നുതമ്പുരാക്കള്‍!

Thursday 18 October, 2007

പൂച്ച

ആളുകള്‍ പാഞ്ഞുപോകുന്ന നടപ്പാ‍തയില്‍ ഒരു പൂച്ചക്കുട്ടി. വെളുപ്പില്‍ അവിടവിടെ കറുപ്പുള്ള ഒരു മിടുക്കി. പണിയിടങ്ങളിലേക്കു തിരക്കുകൂട്ടുന്നവര്‍, ആര്‍ത്തലച്ചു നീങ്ങുന്ന കൌമാരങ്ങള്‍, ഒന്നിനുംവേണ്ടിയല്ലാതെ അലയുന്നവര്‍.......... അവര്‍ക്കിടയില്‍ ആരെയും ശ്രദ്ധിക്കാതെ വെറുതെയിരിക്കുന്ന പൂച്ചക്കുട്ടി. തങ്ങളുടെ തിരക്കേറിയ കണ്‍കോണുകളിലെവിടെയൊ അതിന്റെ രൂപം മിന്നിയതുകൊണ്ടാവാം ‍ആരുടെ കാലുകളും അതിന്റെ ദേഹത്തു പതിഞ്ഞില്ല. ആരും അതിന്റെ നേര്‍ക്കു നോക്കിയതുമില്ല. പൂച്ചക്കുട്ടിയാകട്ടെ അതിന്റെ പ്രാചീനമായ ഏകാന്തതയില്‍ ആദിമ വന്യതയിലേക്കു നീളുന്ന വംശപരമ്പരയുടെ ഓര്‍മ്മയില്‍ പരമ നിസ്സംഗതയില്‍ ആ സിമന്റുപാതയിലിരുന്നു. ഇരയെ വിഴുങ്ങിയശേഷം ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുംപോലെ. ആരെയും ഭയപ്പെടേണ്ടതില്ലാത്തതിന്റെ അലസമായ അഹങ്കാരത്തില്‍ ഏതോ പുല്‍മേട്ടില്‍ മയങ്ങുമ്പോലെ. ഇടയ്ക്കത് മുന്‍കാലുയര്‍ത്തി ഒന്നു നക്കി. ഒന്നു കോട്ടുവായിട്ടു. രാവിലത്തെ സൂര്യന്‍ അതിന്റെ മേലെ കടന്നുപോകുമ്പോള്‍ എന്തൊരു തിളക്കം!

അയ്യോന്റെ പൂച്ചേ, നേരമെത്രയായി! നീയവിടിരുന്നോ. എനിക്കിനി ഓഫീസിലേക്കോടണം.

Tuesday 16 October, 2007

ഭാരതപ്പുഴ

വടക്കോട്ടു പോകുംവഴി‍ ‘ഭാരതപ്പുഴ‘ എന്ന സിനിമ കണ്ടു:
നദിയായി അഭിനയിക്കുന്ന നീണ്ട മണല്‍ത്തിട്ട
അതില്‍ കുളിക്കുന്നതായി അഭിനയിക്കുന്ന കുറെ ആളുകള്‍
ഒരു വള്ളം പോലുമുണ്ട്, കടത്തിറക്കിന്റെ റോളില്‍.
എന്തൊരു ഭാവാഭിനയം!
സെക്സില്ല സ്റ്റണ്ടില്ല, നല്ല ‘ക്ലീന്‍‘ പടം.
നിര്‍മാണവും സംവിധാനവും നാട്ടുകാര്‍ തന്നെ
സര്‍ക്കാരിന്റെ സഹായവുമുണ്ട്.
പക്ഷേ വിദേശസഹായം സ്വീകരിച്ചിട്ടില്ല.(ദേശാഭിമാനികള്‍ തന്നെ.)
ആയതിനാല്‍, അധിനിവേശപ്രതിരോധികളൊക്കെ
കണ്ടിരിക്കേണ്ട സിനിമയാണിത്‍‍.

Monday 15 October, 2007

കോഴി

ഒന്നരക്കിലോ എന്നു പറഞ്ഞതും അയാളൊരെണ്ണത്തിനെ പിടിച്ചുകഴിഞ്ഞിരുന്നു. അത് വാവിട്ടുകരഞ്ഞു. കഴുത്തിനുപിടിച്ചെടുത്തുകൊണ്ടുവരുമ്പോള്‍ അതെന്നെയൊരു നോട്ടം നോക്കി; ‘വല്യ മാന്യനായിട്ടു നടക്കുന്നു!’ എന്ന മട്ടില്‍. ഞാന്‍ തലതിരിച്ചു. അയാള്‍ അതിന്റെ കഴുത്തു മുറിക്കുന്നതും ഒരു ബക്കറ്റിലിടുന്നതും അതിന്റെ പ്രാണന്‍ പട പടേയെന്നു ചിറകടിക്കുന്നതുമൊന്നുമറിയാത്തഭാവത്തില്‍ എന്നില്‍ത്തന്നെ ലയിച്ചു ഞാന്‍ നിന്നു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ തൂവല്‍ വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ട് അവള്‍ നഗ്നയായി ഡെസ്കിനുമുകളില്‍ കിടക്കുകയാ‍യിരുന്നു. ‘നാണമില്ലാത്തവന്‍’ എന്നവള്‍ മുറുമുറുത്തു. സഞ്ചിയും തൂക്കി വീട്ടിലേക്കു നടക്കുമ്പോള്‍ അവളുടെ ഏങ്ങലടി എനിക്കു കേള്‍ക്കാമായിരുന്നു. അടുപ്പില്‍ക്കിടന്നു വേവുമ്പോള്‍ ഞാനങ്ങോട്ടു നോക്കിയതേയില്ല. കറിയായി മേശപ്പുറത്തെത്തിയപ്പോള്‍ കാലില്‍പ്പിടിച്ചു ഞാ‍ന്‍ പതിയെയുയര്‍ത്തി. ‘ങ്ഹൂം....വേണ്ട...’ എന്നവള്‍ പരിഭവിച്ചു. അപ്പോളെന്റെ എല്ലാ കണ്ട്രോളും പോയി. ഞാനവളെ കടന്നുപിടിച്ചെടുത്ത് ചക ചകാന്ന് കച കചാന്ന് ചവച്ചരച്ച്...................

Wednesday 10 October, 2007

എട(ര)പ്പാളികള്‍

മലയാളി ഒരു കഞ്ഞി ആണെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? ടി വി ചാനെലുകളിലെ റിയാലിറ്റി ഷോകളില്‍ അച്ചടക്കത്തോടെ നിരന്നിരുന്ന് ഇടയ്ക്കിടെ പല്ലിളിക്കുകയും കൈയടിക്കാന്‍ ആംഗ്യം കാട്ടുമ്പോള്‍ അന്തംവിട്ടു കൈയടിക്കുകയും ജഡ്ജിവേഷത്തിലിരിക്കുന്നവര്‍ ഉതിര്‍ക്കുന്ന മൊഴിമുത്തുകള്‍ ആരാധനയോടേ പെറുക്കിയെടുക്കുകയും ചെയ്യുന്ന ഒരു പോഴന്‍? നിങ്ങള്‍ എന്തു കുന്തമെങ്കിലും വിചാരിക്ക്. കഴിഞ്ഞ ദിവസം എടപ്പാളില്‍ നടന്നത് നിങ്ങളും അറിഞ്ഞതല്യോ? അന്യദേശക്കാരിയായ ഒരു ഗര്‍ഭിണിയെയും രണ്ടു മക്കളെയും ഒരുകൂട്ടം വീരശൂര മലയാളികള്‍ പൊതിരെ തല്ലുന്നത് നിങ്ങളും കണ്ടതല്യോ? ‍കണ്ടു കുളിരണിഞ്ഞതല്യോ? എന്നിട്ടും സ്വന്തം നാട്ടുകാരെ ഒരു വിലയില്ല. ഇതാണു നമ്മുടെ കുഴപ്പം. മലയാളിസ്വത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉത്കര്‍ഷേച്ഛയുടെയും‍ പ്രഖ്യാപനം എടപ്പാളില്‍നിന്നുയര്‍ന്നത് ആരെയാണു രോമാഞ്ചം കൊള്ളിക്കാത്തത്? ആ ദിനം അധികം ദൂരെയല്ല, ആ ബിഹാറികളുണ്ടല്ലോ എല്ലാത്തിലും മുന്നില്‍ നില്‍ക്കുന്ന അവന്മാരുടെ കച്ചോടം നാം പൂട്ടിക്കുന്ന ദിവസം. അവന്മാരോടു ചെന്നു പറഞ്ഞേക്ക് മലയാളിയെ ഇനി പിടിച്ചാല്‍ പിടികിട്ടില്ലെന്ന്.
ഇത് വെറും മലയാളിയല്ല; ഇതത്രെ എട(ര)പ്പാളി!



കേട്ടത്: ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ രണ്ടുദിവസത്തിനകംതന്നെ പൊലീസിന്റെ പിടിയിലായ വാര്‍ത്ത കേട്ട ഒരാള്‍ - “ ഇത്രയ്ക്ക് ബുദ്ധിയില്ലാത്തവന്മാര്‍ ഈ പണിക്കു പോകരുത്, വെറുതെ നാട്ടുകാരെ നാണംകെടുത്താന്‍!”

Monday 8 October, 2007

നമ്മുടെ സ്വന്തം ലോകാത്ഭുതം

പലതുകൊണ്ടും അനുഗ്രഹീതമാണു‍ കേരളമെന്ന പ്രദേശം. ഭൂഭംഗി, നല്ല കാലാവസ്ഥ, കലകള്‍‍, ഉത്സ‍വങ്ങള്‍, ആയുര്‍‍‍വേദം എന്നിവ അവയില്‍ ചിലത്‍. ഇവയില്‍ ഒന്നാം സ്ഥാനത്തു വരേണ്ടതും എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്തതുമായ ഒരു അനുഗ്രഹമാണു കേരളാ കോണ്‍ഗ്രസ് എന്ന പ്രതിഭാസം. ലോകത്തു മറ്റൊരു നാട്ടിലും ഇത്തരമൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. ഒരുപക്ഷേ ലോകം നാളെ കേരളത്തെ അറിയാന്‍പൊകുന്നതുതന്നെ കെരളാ കോണ്‍ഗ്രസ്സിലൂടെയാവും. സങ്കടമെന്നു പറയട്ടെ, മുറ്റത്തെ ഈ മുല്ലയെ നാമാരും മണത്തുനോക്കുന്നില്ല.


കേരളാ കോണ്‍ഗ്രസ് എന്ന പ്രതിഭാസം സദാ‍ ചൈതന്യവത്താണ്. അതൊരിക്കലും കെട്ടിക്കിടന്നു നശിക്കുന്നില്ല. ഒരു നദിപോലെയാണത്. ഇടയ്ക്കിടെ പുതിയ കൈവഴികളായി നദിയൊഴുകുന്ന കാഴ്ച അത്യന്തം ചേതോഹരംതന്നെ. ‍(സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് മലയാളിക്ക് പണ്ടേ കുറവാണെന്നത് ഓര്‍ത്തുപോകുന്നു‍.) ഭഗീരഥന്‍ ഗംഗയുമായി വന്നതുപോലെ ഈ നദിയുടെ കൈവഴികളെ ഓരോ മഹാരഥന്മാര്‍‍‍ നയിച്ചുകൊണ്ടു പോകുന്നു. മാണി, ജോസെഫ്, പിള്ള, ജേക്കബ്, ജോര്‍ജ് എന്നിവയാണിപ്പോഴത്തെ പ്രധാന കൈവഴികള്‍. പക്ഷേ എപ്പോള്‍ വേണമെങ്കിലും പുതിയവ പൊട്ടിപ്പുറപ്പെടാമെന്നത്‍ ഈ പ്രതിഭാസത്തിന്റെ പ്രത്യേകതയാകുന്നു. കിഴക്കന്‍ മലകളിലെ ഉരുള്‍പൊട്ടല്‍‍, വനംകൈയേറ്റം, റബ്ബറിന്റെ വിലക്കയറ്റം, പട്ടയമേള എന്നുവേണ്ട എന്തും പുതിയ ഭഗീരഥന്മാരെ സ്രഷ്ടിക്കാം. നിങ്ങളുടെ യുക്തിയും ശാസ്ത്രവും കൊണ്ടൊന്നും കേരളാ കോണ്‍ഗ്രസിനെ അറിയാന്‍ ശ്രമിക്കരുതേ!. പ്രവചനാതീതത്വത്തിന്റെ നിഗൂഢ സൌന്ദര്യമാണത്.

ജോര്‍ജിന്റെ കൈവഴിയില്‍നിന്ന് പുതിയതൊന്നുണ്ടായി എന്ന വാര്‍ത്ത ഈ നിരീക്ഷകനെ‍‍ എന്തെന്നില്ലാതെ ആനന്ദിപ്പിച്ചു. അതിനെക്കാള്‍ ആവേശകരംതന്നെ‍ ജൊസെഫിലെ കാര്യങ്ങള്‍‍. പുതിയത് ഒന്നോ രണ്ടോ എന്നതില്‍ മാത്രമേ സംശയമുള്ളൂ. ഒരുപക്ഷേ ആരാലും കാണപ്പെടാതെ എത്രയോ കേരളാ കോണ്‍ഗ്രസുകള്‍ മണ്ണിനടിയില്‍ കിടക്കുന്നുണ്ടാകും!

മനുഷ്യര്‍ വരുകയും പോവുകയും ചെയ്യും. പക്ഷേ കേരളാ കോണ്‍ഗ്രസ് എന്നുമുണ്ടാകും. പക്ഷേ പറഞ്ഞിട്ടെന്താ, ഭാവനാശൂന്യതയാണല്ലോ നമ്മുടെ സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും മുഖമുദ്ര; അല്ലെങ്കില്‍ ഈയിടെ ലോകാത്ഭുതങ്ങളെ തിരഞ്ഞെടുത്ത സമയത്ത് നമ്മുടെ നാട്ടിലെ ഈ അത്ഭുതത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും അത്ഭുതങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കിട്ടാനും നാം ശ്രമിച്ചേനേ. സമയം വൈകിയിട്ടില്ല. ടൂറിസം മേഖലയ്ക്ക് ഒരു വന്‍ കുതിപ്പു നല്‍കാന്‍ കഴിയും കേരളാ കോണ്‍ഗ്രസിനെ വിദേശങ്ങളില്‍ ഒരല്പം പരിചയപ്പെടുത്തിയാല്‍. ഈ നിരീക്ഷകനുറപ്പുണ്ട് ഈ മഹാത്ഭുതത്തെ കാണാന്‍ വേണ്ടിമാത്രം വിദേശികള്‍ ഈ നാട്ടിലേക്കുവരുമെന്ന്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആകാശത്തൂടെ തലങ്ങും മറ്റും പറക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിനൊന്നു കീജെയ് വിളിച്ചാല്‍ അത് ദൈവരാജ്യത്തില്‍ കയറിക്കൂടാനുള്ള ഒരു താക്കോലാകും എന്നു മാത്രമോര്‍ക്കുക.

ഇങ്ങനെ, പറഞ്ഞു തുടങ്ങിയാല്‍ തീരില്ല നമ്മുടെയീ ലോകാത്ഭുതത്തിന്റെ അപദാനങ്ങള്‍ . പക്ഷേ എന്തുകൊണ്ടോ ഈ നിരീക്ഷകനു വല്ലാതെ മനംപുരട്ടലനുഭവപ്പെടുന്നതിനാലും ഒന്നു ഛര്‍ദ്ദിക്കാതെ നിവര്‍ത്തിയില്ലാത്തതിനാലും തത്ക്കാലം വിടവാങ്ങട്ടെ.

Saturday 6 October, 2007

ദിനോസര്‍

പണ്ടു പണ്ട് എം. മുകുന്ദന്‍ എന്ന ഒരാള്‍ ഉണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിലാണു ജനിച്ചത്. അസ്തിത്വദു:ഖം കലശലായപ്പോള്‍ ദില്ലിക്കു വണ്ടി കയറി. കടും വേനലിന്റെയും കൊടും ശൈത്യത്തിന്റെയും സൈക്കെഡെലിക് ദില്ലി! പകല്‍ ഫ്രെഞ്ച് എംബസ്സിയിലിരുന്നു സ്വസ്തമായി ജോലി ചെയ്തു. വൈകുന്നേരമായാല്‍ പിന്നെ കലാപമാണ്. ഒന്നിനോടുമില്ല ഒത്തുതീര്‍പ്പ്. അത്യന്താധുനികന്‍ .......... .....അരാജകവാദി‍............ സ്വതന്ത്രനാവാന്‍ ശപിക്കപ്പെട്ടവന്‍......... എഴുതിക്കൂട്ടി , ആര്‍ത്തവരക്തത്തിന്റെ മണവും യൂസഫ് സരായിലെ ചരസ്സിന്റെ
പുകയും നിറഞ്ഞ വാക്കുകള്‍. മലയാളി യുവത്വത്തെ അവ ഭൂതാവിഷ്ടരാക്കി. അവര്‍ സ്വയം ചോദിച്ചു ‘ഞാനാരാ?’ ഹരിദ്വാരില്‍ കലഹത്തിന്റെ മണികള്‍ മുഴക്കി. വേശ്യകള്‍ക്ക് അമ്പലം പണിതു. അഞ്ചര വയസ്സുള്ള കുട്ടിയെക്കൊണ്ടുപോലും ആത്മഹത്യ ചെയ്യിച്ചു. പലരും പുരികമുയര്‍ത്തി. ചിലര്‍ കൈയോങ്ങി. വിമര്‍ശകരോടു ഫ്രെഞ്ചില്‍ മറുപടി പറഞ്ഞു. അവര്‍ തിരിഞ്ഞോടി. യമുനയിലൂടെ വെള്ളം കുറെ ഒഴുകി. തല നരച്ചു. റിട്ടയര്‍മെന്റടുത്തതോടെ ചില വിലാപങ്ങളൊഴുകാന്‍ തുടങ്ങി. ഒടുവില്‍ എല്ലാവരും മടങ്ങിവരുന്നതുപോലെ ..............

അല്ലാ....... മൂപ്പരല്ലേ ഇപ്പ മ്മ്ടെ അക്കാദമീന്റെ പ്രെസിഡേന്റ്? ഒരൂട്ടം ദിനോസറുകദയൊക്കെ.........
തന്നപ്പീ തന്നെ....