Endangered Animal of the Day

Sunday 20 July 2008

ചരിത്രച്ചിരി

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ മുസ്ലിം ലീഗന്മാര്‍ അക്രമക്കളി നടത്തുന്നതില്‍, അതും ആചാര്യന്റെ പാര്‍ട്ടിക്കുനേര്‍ക്കുതന്നെ, ഒരു ചരിത്രച്ചിരിയുണ്ട്. ആരും തൊടാതെ ദൂരെനിര്‍ത്തിയിരുന്ന ചത്ത കുതിരയെ എടുത്തുകൊണ്ടുവന്ന് ബിരിയാണിവെച്ചുകൊടുത്ത് പുതുജീവന്‍ നല്‍കി മന്ത്രിസ്ഥാനവും കൊടുത്ത് പോരാത്തതിന് സ്വന്തമായി ഒരു ജില്ലയും സമ്മാനിച്ച് അതിനെ ഇന്നത്തെപ്പോലെ ഒരു വിഷമരമായി വളര്‍ത്തിയെടുത്തത് തിരുമേനിയായിരുന്നല്ലോ.

ഈയെമ്മെസ്സിന്റെ ജന്മശതാബ്ദി സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ ആഘോഷിക്കുമ്പോള്‍ ചരിത്രം ചിരിക്കുന്നത് കൂടി കേട്ടാല്‍ നന്ന്.

Saturday 12 July 2008

കാണേണ്ടത്

സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച ഡോക്ടറാണ്; പോരാത്തതിന് പ്രസിദ്ധനായ ഒരു പണ്ഡിതന്റെ മകന്‍ എന്ന ഖ്യാതിയും! ഈ ഡോക്ടറുടെ തിരുവനന്തപുരത്തെ വീട്ടിലെ കണ്‍സല്‍ട്ടിങ് റൂമിനു വെളിയില്‍ ഇങ്ങനെ ഒരറിയിപ്പുണ്ട്: ‘ ഫീസ് പൊതിഞ്ഞു തരരുത് .’

കണ്ടോ ബുദ്ധി! ചുമ്മാതല്ല അദ്ദേഹത്തിനവാര്‍ഡ് ‍ കിട്ടിയത്.

Friday 11 July 2008

ഞാനെങ്ങനെ ബ്ലോഗറായി?

ആദ്യം ഞാന്‍ കവിതയിലാണ് കൈവെച്ചത്. ആഴ്ചയില്‍ നാലെണ്ണമെങ്കിലുമെഴുതി. വായിക്കാനിടയായ മുതിര്‍ന്നവര്‍ തൊഴുതു പറഞ്ഞു: ‘ മകനേ, അരുത്....അവിവേകമരുത് ’. ഗുരുത്വദോഷം ഭയന്ന് പിന്‍വാങ്ങി. പിന്നെ കഥയെഴുത്തു തുടങ്ങി. ഒരെണ്ണം വായിച്ച സാഹിത്യപ്രേമിയും പരമ സാത്വികനുമായ അച്ഛന്‍ മുളവടിയുമെടുത്ത് എന്റെ പുറകെ ഓടി. അങ്ങനെ അതും നിന്നു. സര്‍ഗ‌വാസനയെ എത്രകാലം അടക്കിനിര്‍ത്താന്‍ കഴിയും! ഒരു ചെറു നോവലായി അവന്‍ പത്തിവിടര്‍ത്തി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. അവരെല്ലാം പിന്നെ കണ്ടാല്‍ മിണ്ടാതായി. രണ്ടു പേജു വായിച്ച ഒരു പത്രാധിപര്‍ വിളിച്ച തെറി എന്റെ കൂമ്പടപ്പിച്ചെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

കുറച്ചു നാള്‍ മര്യാദയ്ക്കു നടന്നു. അപ്പോഴാണ് ഒരു തോന്നല്‍- തത്ത്വചിന്താപരമായ കുറിപ്പുകള്‍ക്കു നല്ല മാര്‍ക്കറ്റാണല്ലോ, അതൊന്നു നോക്കിയാലോ? രണ്ടുമൂന്നെണ്ണം കാച്ചി. പെങ്ങള്‍ക്ക് തന്നെ ആദ്യം വായിക്കാന്‍ കൊടുത്തു. അവര്‍ ബോധംകെട്ടുവീണു. പെറ്റമ്മ തൊഴുകൈയോടെ കരഞ്ഞപ്പോള്‍ പ്രതിജ്ഞയെടുത്തു- ഇനി മേലാല്‍ പേന കൈകൊണ്ടു തൊടില്ല. പക്ഷേ സര്‍ഗ്ഗവാസനയുടെ കാര്യമാര്‍ക്കാണറിഞ്ഞുകൂടാത്തത്, അവനെ പിഴുതെറിഞ്ഞാല്‍ അവന്‍ വീണ്ടും പൊട്ടിമുളയ്ക്കില്ലേ? മുളച്ചു സഹോദരാ, മുളച്ചു; ഇത്തവണ നാടകവേഷത്തില്‍. രചനയും സംവിധാനവും സ്വയം നിര്‍വഹിച്ചു. ഒരേയൊരു തവണ അരങ്ങേറി. പ്രേക്ഷകര്‍ അണിയറയിലെത്തി നാടകമെഴുതിയവനെ അന്വേഷിച്ചുകണ്ടെത്തി തല്ലുന്നത് നിങ്ങള്‍ക്ക് കേട്ടുകേള്‍വിയുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടല്ലോ?

ആയുര്‍വേദ ചികിത്സയൊക്കെ ചെയ്ത് ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് പിന്നേം ഓരോരോ തോന്നലുകള്. നിഷ്കരുണം അടിച്ചമര്‍ത്തി. സര്‍ഗ്ഗവേദനതന്നെ. പക്ഷേ, ശരീരവേദന എന്നത് അതിനെക്കാള്‍ എത്രയോ ഭയങ്കരമാണ്! ആ ഓര്‍മ്മയുണ്ടായിരുന്നതുകൊണ്ട് മനസ്സില്‍മാത്രം പലതും എഴുതിയും മായ്ച്ചുകളഞ്ഞും രസിച്ചു. അങ്ങനെ കഴിഞ്ഞുവരവെയാണ് ബ്ലോഗിനെപ്പറ്റി കേള്‍ക്കുന്നത് . ആരാലും കാണപ്പെടാതെയിരുന്ന് ഓരോന്നു തട്ടിവിടുന്നത് എന്തുകൊണ്ടും സെയിഫാണ് . ഇപ്പോള്‍ മനസ്സിലായില്ലേ ഞാനെങ്ങനെ ബ്ലോഗറായെന്ന്! ‍

(നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലൊഗറായെന്ന് .)

Saturday 5 July 2008

ഹര്‍ത്താല്‍, ഓ ഹര്‍ത്താല്‍

എന്താണ് ഹേ ഇങ്ങനെ? ഹര്‍ത്താലിന്റെ തലേന്ന് ലിക്കര്‍ കടയിലും സി.ഡി. കടയിലും കോഴിക്കടയിലും തിരക്കായിരുന്നെങ്കില്‍ പത്രക്കാര്‍ക്കെന്താ ചേതം? ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി. എ. യും പ്രൊമോഷനും പോലെതന്നെയാണ്‌ ഹര്‍ത്താലും. ഞ‍ങ്ങളതാഘോഷിക്കും. അധ്വാനിക്കുന്ന വര്‍ഗ്ഗം നേടിയെടുത്ത അവകാശമാണ് ഹര്‍ത്താലെന്ന് നിങ്ങള്‍ക്കൊക്കെ ഇനി എന്നാണു കൂവേ മനസ്സിലാകുക? അതുകൊണ്ട് എല്ലാ പാര്‍ട്ടിക്കാരും ആഴ്ചയിലൊന്നുവെച്ചെങ്കിലും ഹര്‍ത്താല്‍ നടത്തിയേ മതിയാകൂ. ഞങ്ങളുടെ അവകാശം ഹനിച്ചാല്‍ ഞങ്ങ‍ള്‍ നേരിട്ട് ഹര്‍ത്താല്‍ നടത്തിക്കളയും. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, കാഷ്വല്‍ ലീവ് പോലും! ഇനി വല്ല കോടതിയോ മറ്റോ ഹര്‍ത്താല്‍ നിരോധിക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യക്കൊരുങ്ങും, പറഞ്ഞേക്കാം.