Friday 25 January, 2008

ജനം

റോഡു മുറിച്ചുകടക്കുമ്പോഴാണു കണ്ടത് പോലീസുകാരന്‍ ഒരു കറുത്തു കുറിയ മനുഷ്യനെ കോളറിനു പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. അയാളുടെ മുഖത്തെ യാചനാഭാവം...... പോലീസുകാരന്റെ മുഖത്തെ മുറുക്കം.......വയര്‍ലസ്സിലൂടെ സന്ദേശം പായുന്നു...... പെട്ടെന്നുതന്നെ അവിടെ ഒരാള്‍ക്കൂട്ടം കൂടിക്കഴിഞ്ഞു. പണിയിടങ്ങളിലേക്ക് തിരക്കിട്ടുപോകുന്നവര്‍, ബസ് സ്റ്റോപ്പില്‍ നിന്നവര്‍, വായില്‍നോക്കാനിറങ്ങിയവര്‍, കടത്തിണ്ണയില്‍ വെറുതെയിരുന്നവര്‍.......... എല്ലാവരും എല്ലാ തിരക്കുകളും മാറ്റിവെച്ച് ആ കറുത്ത മനുഷ്യനെത്തന്നെ നോക്കി....... അങ്ങനെ........ എല്ലാ മുഖങ്ങളുമിപ്പോള്‍ മുറുകിവലിഞ്ഞിരിക്കുന്നു. ഒരു പറ്റം ഭീഷണമായ കണ്ണുകളുടെ ഇരയായി വിറച്ചുകൊണ്ട് ആ മനുഷ്യന്‍. അയാള്‍ എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ച് ആരും സമയം കളയുന്നില്ല. ചില കണ്ണുകള്‍ പോലീസുകാരനെ നോക്കി അക്ഷമരാകുന്നു, ഇയാള്‍ക്കെന്തു കാര്യമിവിടെ ഞങ്ങളില്ലേ എന്ന മട്ടില്‍. ആള്‍ക്കൂട്ടം വീര്‍ത്തുവീര്‍ത്തു വരുന്നു..... ഇര ചെറുതായിച്ചെറുതായും..... വയര്‍ലസ്സില്‍ മുറുകെപ്പിടിച്ച് ഭീതിയുടെ നിഴല്‍ വീണ കണ്ണുകളോടെ പോലീസുകാരന്‍!

Monday 21 January, 2008

ബഷീര്‍

വെളിച്ചത്തിന്റെ വെളിച്ചത്തെക്കുറിച്ചെഴുതിയ ബഷീറിന്റെ ജന്മശതാബ്ദിവര്‍ഷമാണിത്. നമ്മുടെ സാഹിത്യ അക്കാദമി ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. ‘നാലുകെട്ട് ‘ എന്ന സാദാ നോവലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കാണല്ലോ അല്ലേ? നടക്കട്ടെ. ഗദ്യഭാഷയുടെ മാന്ത്രികതയെന്തെന്ന് മലയാളിയെ ആദ്യമായി അനുഭവിപ്പിച്ച ബഷീറിനെ ഇവന്മാര്‍ കൊണ്ടാടാതിരിക്കുന്നതുതന്നെ നല്ലത്.

Friday 18 January, 2008

രക്തസാക്ഷി

രാത്രിസമയം. രക്തസാക്ഷിപ്പറമ്പിനുമുന്നിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ അടക്കിയ ശബ്ദത്തില്‍ വിളിച്ചു; “സഖാവേ…..’‘ തിരിഞ്ഞുനോക്കിയപ്പോള്‍ ആവേശം വന്നുപോയി: ഒരു രക്തസാക്ഷി ഇരിക്കുന്നു മണ്ഡപത്തിന്മേല്‍ ചാരി. പഴയ, ഉണങ്ങിയ മുഖം. നെഞ്ചത്ത് സി പിയുടെ സൈന്യത്തിന്റെ വെടികൊണ്ട തുള. ഞാന്‍ മുഷ്ടി ചുരുട്ടി വിളിച്ചു; “രക്തസാക്ഷികള്‍ സിന്ദാബാദ്….‘’
രക്തസാക്ഷി എന്നെ “ശ്..ശ്..’‘ എന്നു വിലക്കി, “ഗ്വാ ഗ്വാ വിളിക്കാതെ; പിന്നെന്തൊക്കെയാ വിശേഷങ്ങള്‍?’‘

ഞാന്‍ പറഞ്ഞു; ‘‘സമ്മേളനമൊക്കെ നന്നായി നടക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളെയും വര്‍ഗ്ഗീയ പിന്തിരിപ്പന്‍ സാമ്രാജ്യത്തശക്തികളെയും നമ്മള്‍ ഒറ്റക്കെട്ടായി…………‘’

“ പോഴാ, ഞാന്‍ ചോദിച്ചതതല്ല. ഗ്രോത്ത് റേറ്റ് എത്രയായി? ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് എങ്ങനെ? സ്റ്റോക്ക് ട്രേഡിങ് ഇന്നലെ എത്രയ്കാ ക്ലോസ് ചെയ്തത്?‘’

മറയുന്ന ബോധത്തിലൂടെ പതിയെ ഊര്‍ന്നുവീഴുമ്പോള്‍ ഞാന്‍ അവ്യക്തമായി കണ്ടു രക്തസാക്ഷിയുടെ കൈയില്‍നിന്ന് ഒരു വാരിക്കുന്തം എന്റെ നേര്‍ക്ക് നീളുന്നത് .‍

Friday 11 January, 2008

മാനിഫെസ്റ്റോ

പുസ്തകമേളയില്‍ പരതിനടക്കുമ്പോള്‍ ഒരു ചെറിയ ചുവന്നപുസ്തകം കൈയില്‍ തടഞ്ഞു. പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ഇപ്പോള്‍ അല്പം മങ്ങിയ ചുവപ്പുനിറം. യൂറോപ്പില്‍നിന്ന് ലോകത്തെമുഴുവന്‍ ബാധിച്ച ഭൂതത്തിന്റെ പുസ്തകം. താളുകള്‍ മറിക്കുമ്പോള്‍ ‘മാറ്റം... മാറ്റം...’ എന്ന മുനിമൊഴിയുടെ മുഴക്കം. മുനിയുടെ ശിഷ്യരെയൊക്കെ മാറ്റിമറിച്ച മാറ്റം! ഒടുവിലത്തെ പേജിന്റെ ശൂന്യതയില്‍നിന്ന് മറ്റൊരു ഭൂതം പേജുകളെ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ട് ഒന്നാമത്തെ പേജിലേക്ക് നീങ്ങുന്നതുകണ്ട് ചിരിച്ചുകരഞ്ഞു ഞാന്‍ വശംകെട്ടുപോയി.