Tuesday 25 December, 2007

ബ്രിട്ടീഷ് ലൈബ്രറിക്കു നമസ്കാരം

തലസ്ഥാനത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടാനുള്ള തീരുമാനം സ്ഥലത്തെ എലീറ്റ് ജനവിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷ് കൌണ്‍‍‍സിലിനു‍‍ നിവേദനമയക്കുകയും വെബ് സൈറ്റ് ആരംഭിക്കുകമൊക്കെ ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍തന്നെ പ്രശ്നത്തില്‍ നേരിട്ടിടപെട്ടിരിക്കുന്നു.

ഏതു ലൈബ്രറിയും പൂട്ടപ്പെടുന്നത് ദു:ഖകരമത്രെ‍‍. അതിനാല്‍ പ്രതിഷേധം നല്ലതുതന്നെ. പക്ഷേ, നാമോര്‍ത്തിരിക്കേണ്ട ചിലതുണ്ട്. ബ്രിട്ടീഷ് ലൈബ്രറി ഒരു സ്വകാര്യ സംരംഭമല്ലേ‍‍, അതും ഒരു വിദേശ സ്ഥാപനത്തിന്റെ? മുടക്കുന്ന പണം വെറുതെയായിപ്പോകരുതെന്ന് അതു മുടക്കുന്നവര്‍ക്ക് നിര്‍ബന്ധമുണ്ടാകുമല്ലോ. തലസ്ഥാനത്തെ ലൈബ്രറി ലാഭകരമല്ലെന്നും അതില്‍ പണം മുടക്കുന്നത് നന്നല്ലെന്നും അവര്‍ക്ക് തോന്നിയാല്‍ അത് അടച്ചുപൂട്ടാ‍ന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ലേ?

മറ്റൊരു ചോദ്യം, ബ്രിട്ടീഷ് ലൈബ്രറിയില്ലെങ്കില്‍ തിരുവനന്തപുരത്തെ ജനങ്ങളെല്ലാം മന്ദബുദ്ധികളായിത്തീരുമോ? അവിടെ വേറേയും ലൈബ്രറികളുണ്ട്. പിന്നെ, ലൈബ്രറിയില്‍നിന്നു മാത്രമാണോ നമുക്കിന്ന് വിജ്ഞാനം ലഭിക്കുന്നത്? ഇന്റര്‍നെറ്റ് ഉണ്ടാക്കിയ വിജ്ഞാനവിസ്ഫോടനം അറിവിലേക്ക് ഒന്നിലധികം പാതകള്‍ നമുക്ക് തുറന്നുതന്നിരിക്കുന്നു. ‍

ബ്രിട്ടീഷ് ലൈബ്രറി തലസ്ഥാനത്തെ എലീറ്റ് വിഭാഗത്തിനൊരു നൊസ്റ്റാല്‍ജിയയും പദവിചിഹ്നവുമാണെന്നതാണു സത്യം‍. ഗോള്‍ഫ് ക്ലബ്ബും ട്രിവാണ്‍ട്രം ക്ലബ്ബും പോലെ മറ്റൊന്ന്. സായിപ്പിന്റെ ലൈബ്രറിയില്‍ അംഗമായാല്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഉയരെയാകുമെന്ന തോന്നല്‍. വിജ്ഞാനദാഹമാണു‍ പ്രശ്നമെങ്കില്‍ തലസ്ഥാനത്തെതന്നെ പബ്ലിക് ലൈബ്രറിയുടെ ദയനീയാവസ്ഥ ഇവരെയൊന്നും വേദനിപ്പിക്കാത്തതെന്ത്? എത്രയോ വര്‍ഷത്തെ പഴക്കമുള്ള ആ സ്ഥാപനം കുറെ പൊടിപിടിച്ച പഴഞ്ചന്‍ പുസ്തകങ്ങളുടെ ആലയം മാത്രമാണിന്ന്. അതിനെ രക്ഷിക്കണമെന്ന് ആരും വിളിച്ചുകൂവുന്നില്ല. കാരണം വ്യക്തം- അത് ചെറിയ മനുഷ്യര്‍ക്കുള്ള ലൈബ്രറിയത്രെ‍.

ബ്രിട്ടീഷ് ലൈബ്രറി പൂട്ടാന്‍ അതിന്റെ ഉടമസ്ഥര്‍ തീരുമാനിച്ചാല്‍ നാമെന്തിനു‍ കരഞ്ഞുവിളിക്കണം? വാണിജ്യപരമായ പ്രവര്‍ത്തനങ്ങ‍ളാണവര്‍ കഴിഞ്ഞ കുറെ കാലമായി മുഖ്യമായി നടത്തിക്കൊണ്ടിരിക്കുന്നത് . ഒരിക്കലത് വിദേശത്തുനിന്നുള്ള പുസ്തകങ്ങളുടെയും മാഗസീനുകളുടെയും ലോകത്തേക്ക് ഒരു വാതിലായിരുന്നു കുറച്ചുപേര്‍ക്കെങ്കിലും. അന്ന് വേറേ വാതിലുകള്‍ ഉണ്ടായിരുന്നില്ലതാനും. ഇന്നാകട്ടെ വാതിലുകളേറെയുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയുടെ ചരിത്രനിയോഗം അവസാനിച്ചിരിക്കുന്നു. ഇനിയതിനെ പോകാനനുവദിച്ചുകൂടേ? പഴയതെല്ലാം അങ്ങനെതന്നെ എന്നുമുണ്ടാകണമെന്നുള്ള ആഗ്രഹം അത്ര നല്ലതാണോ?

ചിലതു പോകുമ്പോള്‍ മറ്റുചിലത് വരുന്നു. ഇന്ന് തലസ്ഥാനത്തെ സാംസ്കാരിക ജീവിതത്തെ സജീവമാക്കിനിര്‍ത്തുന്ന ഒരു സ്ഥാപനമാണു‍ ഫ്രെഞ്ചുകാരുടെ അലോയിണ്‍സ് ഫ്രാങ്സ്വൈസ്. ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയോട് തോന്നുന്ന വികാരം നാളെ ചിലര്‍ക്ക് ഈ സ്ഥാപനത്തോടാവും തോന്നുക. കുറച്ചുകാലം കഴിയുമ്പോള്‍ അത് അടച്ചുപൂട്ടാന്‍ അവര്‍ തീരുമാനിച്ചാല്‍ അപ്പോഴുമുണ്ടാകും കുറേപ്പേര്‍ നെഞ്ചത്തടിക്കാനും നിലവിളിക്കാനും. ഇതൊരു രോഗംതന്നെ‍. മാറ്റങ്ങളെ അഭിമുഖീകരിക്കാനാവാതെ ശീലങ്ങളില്‍ അള്ളിപ്പിടിച്ചുകിടക്കാനുള്ള വാസന.

Thursday 6 December, 2007

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണമെന്നത് വെറുമൊരു ബഡായിയല്ലെന്ന് തെളിയിച്ചിരിക്കുകയാണു തിരുവനന്തപുരത്തെയും എറണാകുളത്തെയും രണ്ടു സ്ത്രീരത്നങ്ങള്‍‍‍. നമ്മള്‍ ടിവിയില്‍ കണ്ടതല്ലേ അവരുടെ ജോറന്‍ പ്രകടനം. ഒരുവള്‍ പോലീസുകാരിയുടെ മോന്തയ്ക്കു കൊടുക്കുന്നു, മറ്റവള്‍ നിലത്തുകിടക്കുന്നവന്റെമേല്‍ ചെരിപ്പും കസേരയും കൊണ്ട് ശാക്തീകരണം നടത്തുന്നു.
ഇനിയെന്തായാലും പുരുഷകേസരികള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്ന്. സ്ത്രീകളും രാഷ്ട്രീയം പയറ്റാന്‍ തുടങ്ങിക്കഴിഞ്ഞു. കയ്യാങ്കളിതന്നെ രാഷ്ട്രീയത്തിനത്യാവശ്യം വേണ്ടതെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞു. അടിതുടങ്ങിയാല്‍ അവരേ ജയിക്കൂ കേസരികളേ! ബെല്‍റ്റിനു മുകളില്‍ മാത്രമല്ല അടിയിലും ഇടിക്കുമവര്‍. 33 ശതമാനം സംവരണംകൂടി വന്നുകഴിഞ്ഞാല്‍ പോക്കാണു പുരുഷന്മാരേ നമ്മുടെ കാര്യം.