Friday 11 July, 2008

ഞാനെങ്ങനെ ബ്ലോഗറായി?

ആദ്യം ഞാന്‍ കവിതയിലാണ് കൈവെച്ചത്. ആഴ്ചയില്‍ നാലെണ്ണമെങ്കിലുമെഴുതി. വായിക്കാനിടയായ മുതിര്‍ന്നവര്‍ തൊഴുതു പറഞ്ഞു: ‘ മകനേ, അരുത്....അവിവേകമരുത് ’. ഗുരുത്വദോഷം ഭയന്ന് പിന്‍വാങ്ങി. പിന്നെ കഥയെഴുത്തു തുടങ്ങി. ഒരെണ്ണം വായിച്ച സാഹിത്യപ്രേമിയും പരമ സാത്വികനുമായ അച്ഛന്‍ മുളവടിയുമെടുത്ത് എന്റെ പുറകെ ഓടി. അങ്ങനെ അതും നിന്നു. സര്‍ഗ‌വാസനയെ എത്രകാലം അടക്കിനിര്‍ത്താന്‍ കഴിയും! ഒരു ചെറു നോവലായി അവന്‍ പത്തിവിടര്‍ത്തി. പലര്‍ക്കും വായിക്കാന്‍ കൊടുത്തു. അവരെല്ലാം പിന്നെ കണ്ടാല്‍ മിണ്ടാതായി. രണ്ടു പേജു വായിച്ച ഒരു പത്രാധിപര്‍ വിളിച്ച തെറി എന്റെ കൂമ്പടപ്പിച്ചെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

കുറച്ചു നാള്‍ മര്യാദയ്ക്കു നടന്നു. അപ്പോഴാണ് ഒരു തോന്നല്‍- തത്ത്വചിന്താപരമായ കുറിപ്പുകള്‍ക്കു നല്ല മാര്‍ക്കറ്റാണല്ലോ, അതൊന്നു നോക്കിയാലോ? രണ്ടുമൂന്നെണ്ണം കാച്ചി. പെങ്ങള്‍ക്ക് തന്നെ ആദ്യം വായിക്കാന്‍ കൊടുത്തു. അവര്‍ ബോധംകെട്ടുവീണു. പെറ്റമ്മ തൊഴുകൈയോടെ കരഞ്ഞപ്പോള്‍ പ്രതിജ്ഞയെടുത്തു- ഇനി മേലാല്‍ പേന കൈകൊണ്ടു തൊടില്ല. പക്ഷേ സര്‍ഗ്ഗവാസനയുടെ കാര്യമാര്‍ക്കാണറിഞ്ഞുകൂടാത്തത്, അവനെ പിഴുതെറിഞ്ഞാല്‍ അവന്‍ വീണ്ടും പൊട്ടിമുളയ്ക്കില്ലേ? മുളച്ചു സഹോദരാ, മുളച്ചു; ഇത്തവണ നാടകവേഷത്തില്‍. രചനയും സംവിധാനവും സ്വയം നിര്‍വഹിച്ചു. ഒരേയൊരു തവണ അരങ്ങേറി. പ്രേക്ഷകര്‍ അണിയറയിലെത്തി നാടകമെഴുതിയവനെ അന്വേഷിച്ചുകണ്ടെത്തി തല്ലുന്നത് നിങ്ങള്‍ക്ക് കേട്ടുകേള്‍വിയുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടല്ലോ?

ആയുര്‍വേദ ചികിത്സയൊക്കെ ചെയ്ത് ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് പിന്നേം ഓരോരോ തോന്നലുകള്. നിഷ്കരുണം അടിച്ചമര്‍ത്തി. സര്‍ഗ്ഗവേദനതന്നെ. പക്ഷേ, ശരീരവേദന എന്നത് അതിനെക്കാള്‍ എത്രയോ ഭയങ്കരമാണ്! ആ ഓര്‍മ്മയുണ്ടായിരുന്നതുകൊണ്ട് മനസ്സില്‍മാത്രം പലതും എഴുതിയും മായ്ച്ചുകളഞ്ഞും രസിച്ചു. അങ്ങനെ കഴിഞ്ഞുവരവെയാണ് ബ്ലോഗിനെപ്പറ്റി കേള്‍ക്കുന്നത് . ആരാലും കാണപ്പെടാതെയിരുന്ന് ഓരോന്നു തട്ടിവിടുന്നത് എന്തുകൊണ്ടും സെയിഫാണ് . ഇപ്പോള്‍ മനസ്സിലായില്ലേ ഞാനെങ്ങനെ ബ്ലോഗറായെന്ന്! ‍

(നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലൊഗറായെന്ന് .)

No comments: