Monday, 8 October 2007

നമ്മുടെ സ്വന്തം ലോകാത്ഭുതം

പലതുകൊണ്ടും അനുഗ്രഹീതമാണു‍ കേരളമെന്ന പ്രദേശം. ഭൂഭംഗി, നല്ല കാലാവസ്ഥ, കലകള്‍‍, ഉത്സ‍വങ്ങള്‍, ആയുര്‍‍‍വേദം എന്നിവ അവയില്‍ ചിലത്‍. ഇവയില്‍ ഒന്നാം സ്ഥാനത്തു വരേണ്ടതും എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്തതുമായ ഒരു അനുഗ്രഹമാണു കേരളാ കോണ്‍ഗ്രസ് എന്ന പ്രതിഭാസം. ലോകത്തു മറ്റൊരു നാട്ടിലും ഇത്തരമൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. ഒരുപക്ഷേ ലോകം നാളെ കേരളത്തെ അറിയാന്‍പൊകുന്നതുതന്നെ കെരളാ കോണ്‍ഗ്രസ്സിലൂടെയാവും. സങ്കടമെന്നു പറയട്ടെ, മുറ്റത്തെ ഈ മുല്ലയെ നാമാരും മണത്തുനോക്കുന്നില്ല.


കേരളാ കോണ്‍ഗ്രസ് എന്ന പ്രതിഭാസം സദാ‍ ചൈതന്യവത്താണ്. അതൊരിക്കലും കെട്ടിക്കിടന്നു നശിക്കുന്നില്ല. ഒരു നദിപോലെയാണത്. ഇടയ്ക്കിടെ പുതിയ കൈവഴികളായി നദിയൊഴുകുന്ന കാഴ്ച അത്യന്തം ചേതോഹരംതന്നെ. ‍(സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് മലയാളിക്ക് പണ്ടേ കുറവാണെന്നത് ഓര്‍ത്തുപോകുന്നു‍.) ഭഗീരഥന്‍ ഗംഗയുമായി വന്നതുപോലെ ഈ നദിയുടെ കൈവഴികളെ ഓരോ മഹാരഥന്മാര്‍‍‍ നയിച്ചുകൊണ്ടു പോകുന്നു. മാണി, ജോസെഫ്, പിള്ള, ജേക്കബ്, ജോര്‍ജ് എന്നിവയാണിപ്പോഴത്തെ പ്രധാന കൈവഴികള്‍. പക്ഷേ എപ്പോള്‍ വേണമെങ്കിലും പുതിയവ പൊട്ടിപ്പുറപ്പെടാമെന്നത്‍ ഈ പ്രതിഭാസത്തിന്റെ പ്രത്യേകതയാകുന്നു. കിഴക്കന്‍ മലകളിലെ ഉരുള്‍പൊട്ടല്‍‍, വനംകൈയേറ്റം, റബ്ബറിന്റെ വിലക്കയറ്റം, പട്ടയമേള എന്നുവേണ്ട എന്തും പുതിയ ഭഗീരഥന്മാരെ സ്രഷ്ടിക്കാം. നിങ്ങളുടെ യുക്തിയും ശാസ്ത്രവും കൊണ്ടൊന്നും കേരളാ കോണ്‍ഗ്രസിനെ അറിയാന്‍ ശ്രമിക്കരുതേ!. പ്രവചനാതീതത്വത്തിന്റെ നിഗൂഢ സൌന്ദര്യമാണത്.

ജോര്‍ജിന്റെ കൈവഴിയില്‍നിന്ന് പുതിയതൊന്നുണ്ടായി എന്ന വാര്‍ത്ത ഈ നിരീക്ഷകനെ‍‍ എന്തെന്നില്ലാതെ ആനന്ദിപ്പിച്ചു. അതിനെക്കാള്‍ ആവേശകരംതന്നെ‍ ജൊസെഫിലെ കാര്യങ്ങള്‍‍. പുതിയത് ഒന്നോ രണ്ടോ എന്നതില്‍ മാത്രമേ സംശയമുള്ളൂ. ഒരുപക്ഷേ ആരാലും കാണപ്പെടാതെ എത്രയോ കേരളാ കോണ്‍ഗ്രസുകള്‍ മണ്ണിനടിയില്‍ കിടക്കുന്നുണ്ടാകും!

മനുഷ്യര്‍ വരുകയും പോവുകയും ചെയ്യും. പക്ഷേ കേരളാ കോണ്‍ഗ്രസ് എന്നുമുണ്ടാകും. പക്ഷേ പറഞ്ഞിട്ടെന്താ, ഭാവനാശൂന്യതയാണല്ലോ നമ്മുടെ സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും മുഖമുദ്ര; അല്ലെങ്കില്‍ ഈയിടെ ലോകാത്ഭുതങ്ങളെ തിരഞ്ഞെടുത്ത സമയത്ത് നമ്മുടെ നാട്ടിലെ ഈ അത്ഭുതത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും അത്ഭുതങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കിട്ടാനും നാം ശ്രമിച്ചേനേ. സമയം വൈകിയിട്ടില്ല. ടൂറിസം മേഖലയ്ക്ക് ഒരു വന്‍ കുതിപ്പു നല്‍കാന്‍ കഴിയും കേരളാ കോണ്‍ഗ്രസിനെ വിദേശങ്ങളില്‍ ഒരല്പം പരിചയപ്പെടുത്തിയാല്‍. ഈ നിരീക്ഷകനുറപ്പുണ്ട് ഈ മഹാത്ഭുതത്തെ കാണാന്‍ വേണ്ടിമാത്രം വിദേശികള്‍ ഈ നാട്ടിലേക്കുവരുമെന്ന്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആകാശത്തൂടെ തലങ്ങും മറ്റും പറക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിനൊന്നു കീജെയ് വിളിച്ചാല്‍ അത് ദൈവരാജ്യത്തില്‍ കയറിക്കൂടാനുള്ള ഒരു താക്കോലാകും എന്നു മാത്രമോര്‍ക്കുക.

ഇങ്ങനെ, പറഞ്ഞു തുടങ്ങിയാല്‍ തീരില്ല നമ്മുടെയീ ലോകാത്ഭുതത്തിന്റെ അപദാനങ്ങള്‍ . പക്ഷേ എന്തുകൊണ്ടോ ഈ നിരീക്ഷകനു വല്ലാതെ മനംപുരട്ടലനുഭവപ്പെടുന്നതിനാലും ഒന്നു ഛര്‍ദ്ദിക്കാതെ നിവര്‍ത്തിയില്ലാത്തതിനാലും തത്ക്കാലം വിടവാങ്ങട്ടെ.

No comments: