Monday, 15 October 2007

കോഴി

ഒന്നരക്കിലോ എന്നു പറഞ്ഞതും അയാളൊരെണ്ണത്തിനെ പിടിച്ചുകഴിഞ്ഞിരുന്നു. അത് വാവിട്ടുകരഞ്ഞു. കഴുത്തിനുപിടിച്ചെടുത്തുകൊണ്ടുവരുമ്പോള്‍ അതെന്നെയൊരു നോട്ടം നോക്കി; ‘വല്യ മാന്യനായിട്ടു നടക്കുന്നു!’ എന്ന മട്ടില്‍. ഞാന്‍ തലതിരിച്ചു. അയാള്‍ അതിന്റെ കഴുത്തു മുറിക്കുന്നതും ഒരു ബക്കറ്റിലിടുന്നതും അതിന്റെ പ്രാണന്‍ പട പടേയെന്നു ചിറകടിക്കുന്നതുമൊന്നുമറിയാത്തഭാവത്തില്‍ എന്നില്‍ത്തന്നെ ലയിച്ചു ഞാന്‍ നിന്നു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ തൂവല്‍ വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ട് അവള്‍ നഗ്നയായി ഡെസ്കിനുമുകളില്‍ കിടക്കുകയാ‍യിരുന്നു. ‘നാണമില്ലാത്തവന്‍’ എന്നവള്‍ മുറുമുറുത്തു. സഞ്ചിയും തൂക്കി വീട്ടിലേക്കു നടക്കുമ്പോള്‍ അവളുടെ ഏങ്ങലടി എനിക്കു കേള്‍ക്കാമായിരുന്നു. അടുപ്പില്‍ക്കിടന്നു വേവുമ്പോള്‍ ഞാനങ്ങോട്ടു നോക്കിയതേയില്ല. കറിയായി മേശപ്പുറത്തെത്തിയപ്പോള്‍ കാലില്‍പ്പിടിച്ചു ഞാ‍ന്‍ പതിയെയുയര്‍ത്തി. ‘ങ്ഹൂം....വേണ്ട...’ എന്നവള്‍ പരിഭവിച്ചു. അപ്പോളെന്റെ എല്ലാ കണ്ട്രോളും പോയി. ഞാനവളെ കടന്നുപിടിച്ചെടുത്ത് ചക ചകാന്ന് കച കചാന്ന് ചവച്ചരച്ച്...................

2 comments:

ക്രിസ്‌വിന്‍ said...

കൊള്ളാം ...

നിരക്ഷരൻ said...

ഞാന്‍ നിറുത്തി, കോഴി തീറ്റ.