Thursday 18 October, 2007

പൂച്ച

ആളുകള്‍ പാഞ്ഞുപോകുന്ന നടപ്പാ‍തയില്‍ ഒരു പൂച്ചക്കുട്ടി. വെളുപ്പില്‍ അവിടവിടെ കറുപ്പുള്ള ഒരു മിടുക്കി. പണിയിടങ്ങളിലേക്കു തിരക്കുകൂട്ടുന്നവര്‍, ആര്‍ത്തലച്ചു നീങ്ങുന്ന കൌമാരങ്ങള്‍, ഒന്നിനുംവേണ്ടിയല്ലാതെ അലയുന്നവര്‍.......... അവര്‍ക്കിടയില്‍ ആരെയും ശ്രദ്ധിക്കാതെ വെറുതെയിരിക്കുന്ന പൂച്ചക്കുട്ടി. തങ്ങളുടെ തിരക്കേറിയ കണ്‍കോണുകളിലെവിടെയൊ അതിന്റെ രൂപം മിന്നിയതുകൊണ്ടാവാം ‍ആരുടെ കാലുകളും അതിന്റെ ദേഹത്തു പതിഞ്ഞില്ല. ആരും അതിന്റെ നേര്‍ക്കു നോക്കിയതുമില്ല. പൂച്ചക്കുട്ടിയാകട്ടെ അതിന്റെ പ്രാചീനമായ ഏകാന്തതയില്‍ ആദിമ വന്യതയിലേക്കു നീളുന്ന വംശപരമ്പരയുടെ ഓര്‍മ്മയില്‍ പരമ നിസ്സംഗതയില്‍ ആ സിമന്റുപാതയിലിരുന്നു. ഇരയെ വിഴുങ്ങിയശേഷം ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുംപോലെ. ആരെയും ഭയപ്പെടേണ്ടതില്ലാത്തതിന്റെ അലസമായ അഹങ്കാരത്തില്‍ ഏതോ പുല്‍മേട്ടില്‍ മയങ്ങുമ്പോലെ. ഇടയ്ക്കത് മുന്‍കാലുയര്‍ത്തി ഒന്നു നക്കി. ഒന്നു കോട്ടുവായിട്ടു. രാവിലത്തെ സൂര്യന്‍ അതിന്റെ മേലെ കടന്നുപോകുമ്പോള്‍ എന്തൊരു തിളക്കം!

അയ്യോന്റെ പൂച്ചേ, നേരമെത്രയായി! നീയവിടിരുന്നോ. എനിക്കിനി ഓഫീസിലേക്കോടണം.

2 comments:

മന്‍സുര്‍ said...

കാണി...

ഓഫീസിലേക്ക്‌ അല്‌പ്പം വൈകിയാലെന്താ...
രാവിലത്തെ കണി..മനോഹരമായില്ലേ...
ഇങ്ങിനെ ചില കാണികളുള്ളത്‌ പൂച്ചകളുടെ ഭാഗ്യം
ശരിയാണ്‌ ചില നേരങ്ങളില്‍ ചിലത്‌...നോക്കിയിരുന്നാല്‍ നാം നമ്മെ തന്നെ മറന്നു പോകും.

എഴുത്തു നന്നായിരിക്കുന്നു...തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

നന്‍മകള്‍ നേരുന്നു

പ്രയാസി said...

മ്യാവൂ..