Sunday 4 November, 2007

സ്കൂട്ടര്‍

എത്ര കാലമായെടോ കാലമാടാ ഞാന്‍ തന്നെയും ചുമന്ന് ഈ റോഡായ റോഡൊക്കെ അലയുന്നു! മഴയും വെയിലും സഹിച്ച് ഓഫീസിനും ഹോട്ടലിനും സിനിമാ തീയറ്ററിനും ബാറിനുമൊക്കെ മുന്നില്‍ ഞാന്‍ തന്നെയും കാത്ത് ക്ഷമയോടെ നില്‍ക്കാന്‍ തുടങ്ങിയിട്ടെത്രകാലായെന്നാ തന്റെ വിചാരം? തന്റെ ഉപ്പുചാക്കുപോലുള്ള ഭാര്യയും മക്കളും കയറുമ്പോള്‍ എന്റെ നട്ടെല്ല് ചതഞ്ഞൊടിയുന്നപോലെ തോന്നും. ഞാനതൊന്നും തന്നെ അറിയിച്ചിട്ടില്ല. അല്ലാ...... അറിയിച്ചിട്ടും കാര്യമൊന്നുമില്ല.

താനെന്തുമാതിരി മനുഷ്യനാണെടോ? തന്റെ സമയത്തെയും ലക്ഷ്യത്തെയും കൂട്ടിയിണക്കുന്ന എന്നോട് താനെന്നെങ്കിലും നന്ദി കാണിച്ചിട്ടുണ്ടോ? എന്നെ സ്നേഹത്തോടെ ഒന്നു നോക്കിയിട്ടുണ്ടോ? ഒന്നു തലോടിയിട്ടുണ്ടോ? എന്നെ ഒന്നു കഴുകുകപോലും ചെയ്യാറില്ല താന്‍. വല്ലപ്പോഴും ഒരു പഴന്തുണികോണ്ട് ഒന്നോടിച്ചു തുടയ്ക്കും. അതെങ്ങനാ, അടിവസ്ത്രം മാറാതെ ഷര്‍ട്ടും പാന്റും മാത്രം കഴുകി തേച്ച് നടക്കലാണല്ലോ തന്റെ രീതി. വര്‍ഷങ്ങളുടെ അഴുക്കും പൊടിയും അടിഞ്ഞുകയറി ഞാന്‍ അവശനായിരിക്കുന്നു. എനിക്കും വയസായിരിക്കുന്നു. എന്റെ അവയവങ്ങള്‍ പ്രായത്താല്‍ തളര്‍ന്നിരിക്കുന്നു. കിതച്ചും ഞരങ്ങിയും മാത്രമേ എനിക്കു നീങ്ങാനാവുന്നുള്ളൂ.

തീരെ വയ്യാണ്ടായപ്പോള്‍ ഒരടിപോലും നീങ്ങാനാവാതെ ഞാനിന്ന് വഴിയില്‍ കിടന്നുപോയതിനാണല്ലോ താനെന്നെ വായില്‍ വന്ന തെറിമുഴുവന്‍ വിളിച്ചിട്ട് മെക്കാനിക്കിനെ തേടി പോയിരിക്കുന്നത്. എനിക്കെല്ലാം മടുത്തിരിക്കുന്നു. പാലത്തിനോടടുത്ത് നല്ല ഉയരത്തിലുള്ള ഈ റോഡുവക്കിലാണല്ലോ താനെന്നെ നിര്‍ത്തിയിരിക്കുന്നത്.
ഒന്നു മറിഞ്ഞാല്‍മതി ഞാന്‍ താഴെയെത്താന്‍. അവിടെനിന്ന് കുറച്ചൊന്നുരുണ്ടാല്‍ നദിയിലെത്താം. പിന്നെയെല്ലാം അത് നോക്കിക്കൊള്ളും. ജലത്തിന്റെ സ്നേഹം, കരുണ, തലോടല്‍, കരുതല്‍...... അതാണെനിക്കു വേണ്ടത്.

No comments: