Sunday 18 November, 2007

വിപ്ലവം പ്ലവം പ്ലവം.....

നാലു സൈക്കിള്‍ചക്രങ്ങള്‍ താങ്ങുന്ന തട്ടിന്മേലുള്ള സ്റ്റൌവിന്മേലുള്ള പാത്രത്തില്‍ കരണ്ടികൊണ്ടു തട്ടിക്കൊണ്ടു ‍കപ്പലണ്ടി വില്‍ക്കുന്ന പയ്യനു നേര്‍ക്ക് രണ്ടു രൂപ നീട്ടുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഒരു മൊബൈല്‍ ഫോണ്‍ ചിലച്ചു. തട്ടിന്റെ മേലെവിടെനിന്നോ അതിനെ തപ്പിയെടുത്ത് ചെവിയില്‍ വെച്ച് അവന്‍ തമിഴില്‍ പേശാന്‍ തുടങ്ങി. അതെ, പരസ്യത്തില്‍ കാണുന്ന പോലെ തന്നെ.
അമ്പടാ........... നമ്മുടെ നാടിന്റെയൊരു പോ‍ക്കേ........! അല്ലാ......... ഇനി വിപ്ലവം മൊബൈലിലൂടെയെങ്ങാനും വരുമോ?

ആഗോളീകരണം

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സാറാ ജോസഫിന്റെ നോവലിന്റെ ‘വരുന്നൂ....’ പരസ്യമുണ്ട്. മോഡല്‍ സാറാ ടീച്ചര്‍ തന്നെ. സുന്ദരമായ സാരിയും ചെരുപ്പുമിട്ട് അതിലും സുന്ദരിയായി ടീച്ചര്‍ വായിച്ചുകൊണ്ടിരിക്കുന്നു. ടൈല്‍സ് പാകിയ തറയും ഭിത്തിയുമുള്ള വീട്.

വിട്രിഫൈഡ് ടൈല്‍സിലിരുന്ന് ആഗോളീകരണത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുവതെന്തുരസം!

Friday 9 November, 2007

കാഴ്ച

ഇരുട്ടില്‍ മുങ്ങിയ നഗരവീഥിയിലൂടെ ഞാന്‍. എന്നിലൂടെ ചിന്തകള്‍ മുളങ്കൂട്ടത്തിലൂടെ കാറ്റെന്നപോലെ. പെട്ടെന്ന് കാഴ്ചയില്‍നിന്നു മറഞ്ഞൂ ഭീമാകാരന്മാരായുയര്‍ന്നുനിന്നിരുന്ന കെട്ടിടങ്ങള്‍. എവിടെപ്പോയി റോഡിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന വാഹനങ്ങള്‍? പതിയെ ഒരു മണം വന്നു മൂക്കില്‍ തൊട്ടു; പാലപ്പൂവിന്റേത്. അതെല്ലായിടത്തും പരന്നു. മത്തുപിടിച്ചെനിക്ക്. ചീവീട് കൂമന്‍ തുടങ്ങിയവര്‍തന്‍ ശബ്ദങ്ങളുയര്‍ന്നു. വമ്പന്‍ മരങ്ങള്‍ വളര്‍ന്നു മൂടീ ചുറ്റിനും. ഇത്തിരിപ്പോന്ന വഴിയിലൂടെ നടന്നു ഞാന്‍ തപ്പിത്തടഞ്ഞ്. പെട്ടെന്നൊരു ശബ്ദം കേട്ടു; അതെ, ചിലങ്ക തന്നെ. ഉള്ളിലെ പറച്ചെണ്ടകള്‍ ഒന്നിച്ചു മുഴങ്ങി. അറിയാമെനിക്കിനി എന്തെന്ന്. ഇതുതാനല്ലോ മനം കാത്തിരുന്നത്! ഉദിച്ചൂ തീക്ഷ്ണ‍മാം വെണ്മ....... പെട്ടെന്ന് കറണ്ടു വന്നു. റോഡ് നിറയെ വാഹനങ്ങള്‍. ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍. ശബ്ദങ്ങളുടെ കോലാഹലം. ഫുട്പാത്തിലൂടെ പാലും പച്ചക്കറിയുമായി ഞാന്‍ വീട്ടിലേക്കു നടക്കുകയായിരുന്നു.‍

Sunday 4 November, 2007

സ്കൂട്ടര്‍

എത്ര കാലമായെടോ കാലമാടാ ഞാന്‍ തന്നെയും ചുമന്ന് ഈ റോഡായ റോഡൊക്കെ അലയുന്നു! മഴയും വെയിലും സഹിച്ച് ഓഫീസിനും ഹോട്ടലിനും സിനിമാ തീയറ്ററിനും ബാറിനുമൊക്കെ മുന്നില്‍ ഞാന്‍ തന്നെയും കാത്ത് ക്ഷമയോടെ നില്‍ക്കാന്‍ തുടങ്ങിയിട്ടെത്രകാലായെന്നാ തന്റെ വിചാരം? തന്റെ ഉപ്പുചാക്കുപോലുള്ള ഭാര്യയും മക്കളും കയറുമ്പോള്‍ എന്റെ നട്ടെല്ല് ചതഞ്ഞൊടിയുന്നപോലെ തോന്നും. ഞാനതൊന്നും തന്നെ അറിയിച്ചിട്ടില്ല. അല്ലാ...... അറിയിച്ചിട്ടും കാര്യമൊന്നുമില്ല.

താനെന്തുമാതിരി മനുഷ്യനാണെടോ? തന്റെ സമയത്തെയും ലക്ഷ്യത്തെയും കൂട്ടിയിണക്കുന്ന എന്നോട് താനെന്നെങ്കിലും നന്ദി കാണിച്ചിട്ടുണ്ടോ? എന്നെ സ്നേഹത്തോടെ ഒന്നു നോക്കിയിട്ടുണ്ടോ? ഒന്നു തലോടിയിട്ടുണ്ടോ? എന്നെ ഒന്നു കഴുകുകപോലും ചെയ്യാറില്ല താന്‍. വല്ലപ്പോഴും ഒരു പഴന്തുണികോണ്ട് ഒന്നോടിച്ചു തുടയ്ക്കും. അതെങ്ങനാ, അടിവസ്ത്രം മാറാതെ ഷര്‍ട്ടും പാന്റും മാത്രം കഴുകി തേച്ച് നടക്കലാണല്ലോ തന്റെ രീതി. വര്‍ഷങ്ങളുടെ അഴുക്കും പൊടിയും അടിഞ്ഞുകയറി ഞാന്‍ അവശനായിരിക്കുന്നു. എനിക്കും വയസായിരിക്കുന്നു. എന്റെ അവയവങ്ങള്‍ പ്രായത്താല്‍ തളര്‍ന്നിരിക്കുന്നു. കിതച്ചും ഞരങ്ങിയും മാത്രമേ എനിക്കു നീങ്ങാനാവുന്നുള്ളൂ.

തീരെ വയ്യാണ്ടായപ്പോള്‍ ഒരടിപോലും നീങ്ങാനാവാതെ ഞാനിന്ന് വഴിയില്‍ കിടന്നുപോയതിനാണല്ലോ താനെന്നെ വായില്‍ വന്ന തെറിമുഴുവന്‍ വിളിച്ചിട്ട് മെക്കാനിക്കിനെ തേടി പോയിരിക്കുന്നത്. എനിക്കെല്ലാം മടുത്തിരിക്കുന്നു. പാലത്തിനോടടുത്ത് നല്ല ഉയരത്തിലുള്ള ഈ റോഡുവക്കിലാണല്ലോ താനെന്നെ നിര്‍ത്തിയിരിക്കുന്നത്.
ഒന്നു മറിഞ്ഞാല്‍മതി ഞാന്‍ താഴെയെത്താന്‍. അവിടെനിന്ന് കുറച്ചൊന്നുരുണ്ടാല്‍ നദിയിലെത്താം. പിന്നെയെല്ലാം അത് നോക്കിക്കൊള്ളും. ജലത്തിന്റെ സ്നേഹം, കരുണ, തലോടല്‍, കരുതല്‍...... അതാണെനിക്കു വേണ്ടത്.

Thursday 1 November, 2007

ഹര്‍ത്താല്‍

കേരളപ്പിറവിദിനത്തില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തുന്നതില്‍ സകലര്‍ക്കും എതിര്‍പ്പ്. കേരളപ്പിറവിദിനം ഹര്‍ത്താലോടെയല്ലാതെ പിന്നെങ്ങനെയാണു സമുചിതം ആഘോഷിക്കുക? കേരളം ലോകത്തിനു ദാ‍നം ചെയ്ത ഏറ്റവും മഹത്തായ സംഭവംതന്നെയല്ലേ ഹര്‍ത്താല്‍! തെങ്ങും കെട്ടുവള്ളവും പൂരവുമൊക്കെപ്പോലെ നമ്മുടെ നാടിന്റെ മറ്റൊരു ട്രേഡ് മാര്‍ക്കല്ലേ അത്? അപ്പോള്‍ കേരളത്തിന്റെ ജന്മദിനം നാം ഹര്‍ത്താലോടെതന്നെ വേണ്ടേ ആഘോഷിക്കാന്‍?
ബി ജെ പി നേതാക്കള്‍ എത്ര ഭാവനാശാലികളാണെന്നു നോക്കൂ. മറ്റു പാര്‍ട്ടിക്കാര്‍ക്കൊക്കെ അസൂയയാണു കേട്ടോ. അസൂയ നല്ലതല്ല എന്നുമാത്രമേ പറയാനുള്ളൂ. അടുത്ത വര്‍ഷവുമുണ്ടല്ലോ ഈ പിറവിദിനം. അന്നു നമുക്കു ബി ജെ പിക്കാരെ തോല്‍പ്പിക്കണം എന്ന ഉറച്ച തീരുമാനത്തില്‍ തല്‍ക്കാലം അടങ്ങുക. അടുത്ത വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ തന്നെ മുന്‍കൂട്ടി പ്രഖ്യാപിക്കണം നവംബര്‍ ഒന്നിന് 24 മണിക്കൂര്‍ ഹര്‍ത്താല്‍. അല്ലെങ്കില്‍ വേറെയാരെങ്കിലും കേറി പ്രഖ്യാപിച്ചുകളയും. രാഷ്ട്രീയ പാര്‍ട്ടികള്‍ തോല്‍ക്കുന്നതെനിക്കു സഹിക്കില്ല. അവരല്ലേ നമ്മുടെ അന്നദാതാക്കളായ പൊന്നുതമ്പുരാക്കള്‍!