Friday, 25 January 2008

ജനം

റോഡു മുറിച്ചുകടക്കുമ്പോഴാണു കണ്ടത് പോലീസുകാരന്‍ ഒരു കറുത്തു കുറിയ മനുഷ്യനെ കോളറിനു പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. അയാളുടെ മുഖത്തെ യാചനാഭാവം...... പോലീസുകാരന്റെ മുഖത്തെ മുറുക്കം.......വയര്‍ലസ്സിലൂടെ സന്ദേശം പായുന്നു...... പെട്ടെന്നുതന്നെ അവിടെ ഒരാള്‍ക്കൂട്ടം കൂടിക്കഴിഞ്ഞു. പണിയിടങ്ങളിലേക്ക് തിരക്കിട്ടുപോകുന്നവര്‍, ബസ് സ്റ്റോപ്പില്‍ നിന്നവര്‍, വായില്‍നോക്കാനിറങ്ങിയവര്‍, കടത്തിണ്ണയില്‍ വെറുതെയിരുന്നവര്‍.......... എല്ലാവരും എല്ലാ തിരക്കുകളും മാറ്റിവെച്ച് ആ കറുത്ത മനുഷ്യനെത്തന്നെ നോക്കി....... അങ്ങനെ........ എല്ലാ മുഖങ്ങളുമിപ്പോള്‍ മുറുകിവലിഞ്ഞിരിക്കുന്നു. ഒരു പറ്റം ഭീഷണമായ കണ്ണുകളുടെ ഇരയായി വിറച്ചുകൊണ്ട് ആ മനുഷ്യന്‍. അയാള്‍ എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ച് ആരും സമയം കളയുന്നില്ല. ചില കണ്ണുകള്‍ പോലീസുകാരനെ നോക്കി അക്ഷമരാകുന്നു, ഇയാള്‍ക്കെന്തു കാര്യമിവിടെ ഞങ്ങളില്ലേ എന്ന മട്ടില്‍. ആള്‍ക്കൂട്ടം വീര്‍ത്തുവീര്‍ത്തു വരുന്നു..... ഇര ചെറുതായിച്ചെറുതായും..... വയര്‍ലസ്സില്‍ മുറുകെപ്പിടിച്ച് ഭീതിയുടെ നിഴല്‍ വീണ കണ്ണുകളോടെ പോലീസുകാരന്‍!

3 comments:

കാപ്പിലാന്‍ said...

onnum manasilaayilla

നിരക്ഷരൻ said...

എനിക്കും

മാധവം said...

ഇരയ്ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നത് കലികാല ധര്‍മ്മം,ആനുകാലികമായ ചില സംഭവങ്ങള്‍ മനസ്സില്‍ തികട്ടി വന്നു....ഉദ്ദേശം അതു തന്നെയായിരുന്നുവോ എന്നറിയില്ല...തുടര്‍ന്നെഴുതുക